പൂർവികരുടെ സ്മരണയിൽ ഇന്ന് കര്‍ക്കടക വാവുബലി ഇന്ന്. സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്കായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പെരിയാറിന്റെ തീരത്ത് 80 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ നിരവധി ഭക്തരാണ് ആലുവ മണപ്പുറത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. ആലുവ മഹാദേവ ക്ഷേത്രത്തിൽ മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പിതൃനമസ്‌കാരവും പൂജകളും നടക്കുന്നത്. പെരിയാറിലെ ജലനിരപ്പ് പതിവിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കർക്കടക വാവുബലിക്ക് ബലിതർപ്പണം നടത്തുന്നതിൽ പ്രധാന ക്ഷേത്രങ്ങളായ ആലുവ, തിരുവല്ലം, വര്‍ക്കല, തിരുനെല്ലി എന്നിവിടങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പൂർവികരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ബലിയിടുന്നതിന് തലേദിവസം വ്രതം അനുഷ്ഠിച്ചാണ് ബലിതർപ്പണം നടത്തുന്നത്.
ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് ഒരിക്കല്‍ അനുഷ്ഠിച്ചാണ് വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നത്. കര്‍ക്കടക മാസത്തിലെ അമാവാസി നാളില്‍ ബലി അർപ്പിക്കുന്നത് വഴി ആത്മാക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മൺമറഞ്ഞുപോയ പൂർവികരുടെ സ്മരണയിൽ ആയിരങ്ങളാണ് ആലുവ മണപ്പുറത്തേക്ക് എത്തിയത്. പെരിയാറിന്റെ തീരത്ത് സജ്ജമാക്കിയ ബലിപ്പുരകളില്‍ പിതൃക്കള്‍ക്ക് ബലിപിണ്ഡം സമര്‍പ്പിച്ച് പ്രാർഥനകളോടെ ബലി അർപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...