കോഴിക്കോട്: മലയാളത്തിന്റെ സ്വന്തം എംടി ഇനി ഓർമ്മ. എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി എഴുത്തിന്റെ സകല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് എംടി.
1933 ജൂലൈ 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂർ എന്ന ഗ്രാമത്തിലായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായരുടെ ജനനം. ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും നാല് മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂൾ, കുമരനെല്ലൂർ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അധ്യാപകനായി ജോലി ചെയ്തു. തുടർന്ന് 1957ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.
സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യലോകത്ത് അദ്ദേഹം പ്രവേശിച്ചിരുന്നു. വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ രക്തം പുരട്ട മൺതരികൾ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറക്കി. എന്നാൽ അൻപതുകളുടെ പകുതിയിലാണ് എംടി എന്ന സാഹിത്യക്കാരനെ മലയാളകര ശ്രദ്ധിച്ച് തുടങ്ങിയത്. 1958ൽ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് പുസ്തക രൂപത്തിൽ ആദ്യമായി പുറത്ത് വരുന്നത്. നായർ സമൂഹത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെയും കൂട്ടുകുടുംബങ്ങളുടെയും അന്തരീക്ഷത്തിൽ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടൽ മനോഹരമായി ചിത്രീകരിച്ച നോവൽ 1959ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.
പിന്നീടങ്ങോട്ട് ജീവിതയാഥാർത്ഥ്യങ്ങളുടെ രുചിയറിഞ്ഞ ഒട്ടനവധി സാഹിത്യസൃഷ്ടികൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. കാലം, അസുരവിത്ത്, മഞ്ഞ്, വിലാപ യാത്ര, രണ്ടാമൂഴം, എൻ.പി മുഹമ്മദുമായി ചേർന്നെഴുതിയ അറബി പൊന്ന് എന്നിങ്ങനെ എണ്ണമറ്റ നോവലുകളും ചെറുകഥകളും. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി 1984ൽ പുറത്തിറങ്ങിയ രണ്ടാമൂഴം ജനസ്വീകാര്യതയേറെ ലഭിച്ച കൃതിയായിരുന്നു.
‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി ചലച്ചിത്രലോകത്ത് പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണയാണ് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
ഇതുകൂടാതെ പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.