പ്രസവിക്കാൻ റഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് കുത്തൊഴുക്ക്... പേര് ടൂറിസം! കാരണം കേട്ടാൽ ആരും ഞെട്ടും

Pregnancy Tourism to Argentina: കഴിഞ്ഞ മാസങ്ങളിലായി റഷ്യക്കാരായ അയ്യായിരത്തിൽ അധികം ഗർഭിണികളാണ് അർജന്റീനയിലേക്ക് എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം റഷ്യയിൽ നിന്ന് ഒരു വിമാനത്തിൽ 33 ഗർഭിണികളാണ് വന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 02:20 PM IST
  • അർജന്റീനയിൽ ജനിക്കുന്ന കുട്ടികൾക്ക് അവിടത്തെ പൌരത്വം ലഭിക്കും എന്നതാണ് വലിയ ആകർഷണം
  • യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ അനുഭവിക്കുന്ന അനിശ്ചിതത്വത്തിന്റെ പ്രതിഫലനം ആണ് ഈ ഗർഭിണികളുടെ പലായനം
  • ഇത്തരമൊരു പ്രശ്നത്തെ എങ്ങനെ നേരിടും എന്ന ആശയക്കുഴപ്പം അർജന്റീനയ്ക്കുണ്ട്
പ്രസവിക്കാൻ റഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് കുത്തൊഴുക്ക്... പേര് ടൂറിസം! കാരണം കേട്ടാൽ ആരും ഞെട്ടും

ബ്യൂണസ് അയേഴ്സ്: റഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. എന്നാൽ ഈ വിനോദസഞ്ചാരികളുടെ വരവിനെ അർജന്റീന തെല്ല് ആശങ്കയോടെയാണ് കണുന്നത്. ഇവരിൽ ചിലരെ അർജന്റീനയിലെ എയർപോർട്ടുകളിൽ നിന്ന് ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. വിനോദസഞ്ചാരത്തിനെന്ന പേരിൽ ഇവർ തങ്ങളുടെ രാജ്യത്തേക്ക് എത്തുന്നത് മറ്റൊരു ലക്ഷ്യവുമായാണെന്ന് അർജന്റീനയിലെ ഉദ്യോഗസ്ഥർ പറയുന്നു. അവരുടെ വാദത്തെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റാത്ത കണക്കുകളാണ് സഞ്ചാരികളുടെ കാര്യത്തിൽ പുറത്തുവരുന്നതെന്നും ശ്രദ്ധേയം.

കഴിഞ്ഞ മാസങ്ങളിലായി റഷ്യക്കാരായ അയ്യായിരത്തിൽ അധികം ഗർഭിണികളാണ് അർജന്റീനയിലേക്ക് എത്തിയത്. പ്രസവം അടുക്കുമ്പോൾ മാത്രം എന്തിനാണ് ഇവർ ഇങ്ങനെ വിനോദസഞ്ചാരത്തിനെന്ന പേരിൽ അർജന്റീനയിലേക്ക് എത്തുന്നതെന്ന ന്യായമായ ചോദ്യമാണ് ഉയരുന്നത്. ഇതിനുള്ള ഉത്തരം വളരെ ലളിതമാണ്. ജനിക്കുന്ന കുട്ടികൾക്ക് അർജന്റീനയുടെ പൗരത്വം വേണം. ഇതിനായാണ് റഷ്യക്കാരായ വലിയൊരു പറ്റം ഗർഭിണികളും വിമാനത്തിൽ മണിക്കൂറുകൾ സഞ്ചരിച്ച് അർജന്റീനയിലേക്ക് എത്തുന്നത്. ഇത്രയും നാളുമില്ലാത്ത ഒന്ന് ഇപ്പോൾ എന്തിനാണെന്ന ചോദ്യത്തിന്റെ ഉത്തരം ആദ്യത്തേതിലും ലളിതമാണ്. യുക്രൈനുമായുള്ള യുദ്ധത്തിൽ ലോക സൈനിക ശക്തിയിൽ രണ്ടാം സ്ഥാനത്തുള്ള റഷ്യയ്ക്ക് ഏറ്റ തിരിച്ചടി തന്നെയാണ് കാരണം. യുക്രൈൻ-റഷ്യ യുദ്ധം കൂടുതൽ നാശം വിതച്ചത് യുക്രൈനിലാണെങ്കിലും റഷ്യയ്ക്കും ഇത് വലിയ തിരിച്ചടിയാണ് നൽകിയത്. 

Read Also: ബഹിരാകാശത്തേക്ക് സൗദിയുടെ കുതിപ്പ്! ആദ്യ വനിതയെ ഉടന്‍ അയക്കും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ടുപേര്‍

കഴിഞ്ഞ വ്യാഴാഴ്ച മാത്രം റഷ്യയിൽ നിന്ന് ഒരു വിമാനത്തിൽ 33 ഗർഭിണികളാണ് അർജന്റീനയിൽ വിനോദസഞ്ചാരത്തിനെന്ന്  പറഞ്ഞ് എത്തിയത്. ഇതിൽ തന്നെ മൂന്നു പേരെ അർജന്റീനയിലെ ഉദ്യോഗസ്ഥർ മതിയായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തങ്ങൾ വിനോദസഞ്ചാരത്തിന് അല്ല അർജന്റീനയിലേക്ക് വന്നതെന്ന കാര്യം ഇവരും സമ്മതിക്കുന്നുണ്ട്. പൂർണ്ണ ഗർഭിണികളായ ഇവർക്ക് ലഭിച്ചിട്ടുള്ള യാത്രാ രേഖകളിലും അർജന്റീനയിലെ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നു. അർജന്റീനയിലാണ് പ്രസവം നടക്കുന്നതെങ്കിൽ ജനിക്കുന്ന കുഞ്ഞിന് അർജന്റീനയിൽ തന്നെ പൗരത്വം ലഭിക്കും. അർജന്റീനയിലെ പൗരത്വമുള്ളവർക്ക് ലഭിക്കുന്ന പാസ്പോർട്ട് ഉപയോഗിച്ച് 171 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ തന്നെ സഞ്ചരിക്കാനും സാധിക്കും. കുട്ടികൾക്ക് പൗരത്വമുള്ളതിനാൽ തന്നെ മാതാപിതാക്കൾക്കും വളരെ വേഗം അർജന്റീനയിൽ പൗരത്വത്തിന് അപേക്ഷ നൽകാം. നിലവിൽ റഷ്യൻ പാസ്പോർട്ട് ഉപയോഗിച്ച് 87 രാജ്യങ്ങളിലേക്കാണ് സഞ്ചരിക്കാൻ സാധിക്കുക. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ളവർക്ക് പലതരം വിലക്കുകളും രാജ്യാന്തര സമൂഹം ഏർപ്പെടുത്തിയതും റഷ്യക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. 

റഷ്യയിൽ നിന്ന് വരുന്നവരെ തടയാൻ അർജന്റീനയിലെ ഉദ്യോഗസ്ഥർക്ക് ഒരു അധികാരവുമില്ലെന്നാണ് അർജന്റീനക്കാരായ ചിലരുടെ വാദം. എയർപോർട്ടിൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത റഷ്യക്കാരായ സ്ത്രീകൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരും ഇതു തന്നെ പറയുന്നു. തെറ്റായ ടൂറിസം എന്നൊരു വാക്ക് തങ്ങളുടെ ഭരണഘടനയിലില്ലെന്നും അത്തരമൊരു വകുപ്പ് ചുമത്തി ആരെയും തടഞ്ഞുവയ്ക്കാനോ അറസ്റ്റ് ചെയ്യാനോ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും ഇവർ വാദിക്കുന്നു. 

യുദ്ധം മൂലം റഷ്യയിൽ ആരോഗ്യമേഖലയ്ക്ക് വേണ്ടി സർക്കാർ മാറ്റിവച്ചിട്ടുള്ള വിഹിതം കുറഞ്ഞെന്നും ആശുപത്രികളിൽ ആവശ്യത്തിന് സൗകര്യമില്ലെന്നുമാണ് പ്രസവത്തിനായി നാടുവിടുന്നവരുടെ വാദം. വിസ ഇല്ലാതെ തന്നെ റഷ്യക്കാർക്ക് അർജന്റീനയിലേക്ക് പോകാം. യുക്രൈനുമായുള്ള യുദ്ധം കൂടുതൽ ശക്തമായാൽ അത്  തങ്ങളുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് ഈ അമ്മമാർ കരുതുന്നു. റഷ്യയിലെ ചില വെബ് സൈറ്റുകളിൽ 'ഗർഭ ടൂറിസം' എന്ന പേരിൽ പാക്കേജുകൾ വരെ ലഭ്യമാക്കിയിട്ടുണ്ട്. അയ്യായിരം ഡോളർ നൽകിയാൽ അർജന്റീനയിലേക്കുള്ള യാത്ര, പിന്നെ അവിടെയുള്ള താമസം, മികച്ചൊരു ആശുപത്രിയിൽ പ്രസവം എന്നിവയാണ് ചില സൈറ്റുകളിലെ പരസ്യത്തിന്റെ ഉള്ളടക്കം. 15,000 ഡോളറിന്റെ പാക്കേജാണെങ്കിൽ എയർപോർട്ടിൽ നിന്നുള്ള പിക്ക് അപ്പ്, മുന്തിയ ഹോട്ടലിൽ താമസം തുടങ്ങി സ്പാനിഷ് ഭാഷയിലെ പരിശീലനം വരെ ലഭിക്കും. കുടിയേറ്റത്തിന് വേണ്ട മറ്റ് സേവനങ്ങൾ ഇവർ പിന്നീട് ചെയ്തു നൽകുകയും ചെയ്യും. 

Read Also: യുഎസിൽ വീണ്ടും 'പറക്കുന്ന അജ്ഞാത വസ്തു'; ഒരാഴ്ചക്കിടെ വെടിവെച്ചിടുന്ന നാലാമത്തെ 'അജ്ഞാത വസ്തു'

അർജന്റീനയിലും റഷ്യക്കാരെ മുതലെടുക്കാൻ പലതരം തട്ടിപ്പുകളും നടക്കുന്നുണ്ട്. വിനോദ സഞ്ചാരത്തിനെന്ന പേരിൽ പ്രസവത്തിനായി രാജ്യത്ത് എത്തുന്നവർ കേസുകളിൽ കുടുങ്ങിയാൽ അതിൽ നിന്നുള്ള നിയമനടപടികളിൽ നിന്ന് ഇവരെ ഒഴിവാക്കി എടുക്കുന്നതിന് അഭിഭാഷകരുടെയും ഏജന്റുമാരുടെയും ഒരു റാക്കറ്റ് തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരെ രക്ഷിക്കുന്നതിനായി 35,000 ഡോളർ വരെ ഈ റാക്കറ്റുകൾ ഈടാക്കുന്നതായാണ് പൊലീസ് പറയുന്നത്. 

എന്തായാലും സമ്പന്ന രാഷ്ട്രമായ റഷ്യയിൽ നിന്നാണ് അങ്ങ് അകലെയുള്ള അർജന്റീനയിലേക്കുള്ള ഈ പ്രസവ ടൂറിസം എന്ന കാര്യവും ഓർക്കണം. ആഭ്യന്തരകലാപവും ക്ഷാമവും സാമ്പത്തിക ബുദ്ധിമുട്ടും പ്രകൃതി ദുരന്തങ്ങളുമാണ് മനുഷ്യരെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കാനും പലയാനം ചെയ്യാനും നിർബന്ധിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ ലോക രാജ്യങ്ങളിൽ സൈനിക ശക്തിയിൽ രണ്ടാമതും രാജ്യത്തിന്റെ വിസ്തൃതിയിൽ ഒന്നാമതുമുള്ള റഷ്യയിൽ നിന്ന് സ്ത്രീകൾ പ്രസവത്തിന് മറ്റൊരു രാജ്യത്തിലേക്ക് പോകുന്നതിനെ കൗതുകത്തോടെയും വരാനിരിക്കുന്ന ഭാവിയിലെ ചില പ്രശ്നങ്ങളിലേക്കുള്ള സൂചനയെന്ന നിലയിലുമാണ് വിദഗ്ധർ കാണുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News