ന്യൂയോർക്ക്: ആയിരക്കണക്കിന് ആഡംബര കാറുകളുമായി പോയ ചരക്കുകപ്പലിന് നടുക്കടലിൽ വച്ച് തീപിടിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ചാണ് ഫെലിസിറ്റി എയ്‌സ് എന്ന ചരക്കുകപ്പലിന് തീപിടിച്ചത്. 656 അടി നീളമുള്ള കപ്പലിൽ ആയിരക്കണക്കിന് ഔഡി, പോർഷെ, ലംബോർഗിനി കാറുകളാണ് ഉണ്ടായിരുന്നത്.
ഫോക്സ് വാഗൺ കമ്പനിയുടെ ചരക്കുകളുമായി പോയ കപ്പലിന് പോർച്ചുഗലിലെ അസോറസിൽ നിന്ന് 90 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി സഞ്ചരിക്കവേയാണ് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി. പോർച്ചുഗീസ് നാവികസേനയുടെയും വ്യോമസേനയുടെയും സഹായത്തോടെയാണ് ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയത്.
എന്നാൽ, കപ്പലിലെ തീ നിയന്ത്രണ വിധേയമല്ലാത്തതിനാൽ കടലിൽ ഒഴുകുകയാണ്. കപ്പലിൽ 3,965 കാറുകൾ ഉള്ളതായി ഫോക്സ് വാഗൺ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 1,100ഓളം പോർഷെ കാറുകളും കപ്പലിൽ ഉണ്ടായിരുന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കപ്പലിലുണ്ടായ ലംബോർഗിനി കാറുകളുടെ എണ്ണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കപ്പലിലുണ്ടായിരുന്ന നൂറിലധികം കാറുകൾ ടെക്സസിലെ ഹൂസ്റ്റണിലേക്ക് കൊണ്ടുപോകുകയായിരുന്നു. തീപിടിച്ച കപ്പൽ കരയ്ക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തെ തുടർന്ന്, ബുക്ക് ചെയ്ത വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കാൻ വൈകുമെന്ന് വാഹന നിർമാണ കമ്പനി അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...