Christmas Celebrations 2022: ചെരുപ്പെറിഞ്ഞൊരു ക്രിസ്തുമസ് ആഘോഷം...! പരേതർക്ക് വിരുന്നും... അന്തം വിട്ടുപോകും ഈ ആഘോഷങ്ങളെ കുറിച്ച് കേട്ടാൽ

Christmas Celebrations 2022: നോർവേക്കാർക്ക് ദുഷ്ടശക്തികൾക്കെതിരെയുള്ള പോരാട്ടമാണ് ക്രിസ്തുമസ്. ഐസ്ലൻഡിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഒരൽപം നിറപ്പകിട്ട് കൂടുതലാണ്. ഫിലിപ്പീൻസിലെ ക്രിസ്തുമസ്സിന് മാറ്റേകുന്നത് ജയന്റ് ലാന്റേൺ ഫെസ്റ്റിവൽ ആണ്.

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 06:29 PM IST
  • ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പരേതാത്മാക്കളെത്തും എന്നാണ് പോർച്ചുഗീസുകാരുടെ വിശ്വാസം
  • വ്യത്യസ്തമായ ഒരു മത്സരമാണ് ജർമ്മനിയിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നത്
  • വെനസ്വേലയിൽ റോളർ സ്കേറ്റിലാണ് ആളുകൾ കുർബാനയ്ക്ക് എത്തുക
Christmas Celebrations 2022: ചെരുപ്പെറിഞ്ഞൊരു ക്രിസ്തുമസ് ആഘോഷം...! പരേതർക്ക് വിരുന്നും... അന്തം വിട്ടുപോകും ഈ ആഘോഷങ്ങളെ കുറിച്ച് കേട്ടാൽ

ക്രിസ്തുമസ് കാലം... ലോകമെമ്പാടും വ്യത്യസ്തമാണ് ആഘോഷങ്ങൾ. ഒരോ നാടിന്‍റെയും സാംസ്കാരിക പാരമ്പര്യ പ്രതീകങ്ങൾ ഇടകലരുന്ന ക്രിസ്തുമസ് തിരുപ്പിറവിയുടെ ഓർമ പുതുക്കൽ കൂടിയാണ്. ലോകമെമ്പാടുമുള്ള ആളുകൾ ക്രിസ്തുമസ് ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ തന്നെ നക്ഷത്രവും പുൽക്കൂടും കരോളിന്റെ താളവുമെല്ലാം നമ്മുടെ മനസിലേക്ക് ഓടി എത്തും. പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ കൊണ്ട് വീടലങ്കരിച്ചുമാണ് പൊതുവെ ക്രിസ്തുമസ് ആഘോഷിക്കാറുള്ളത്. എന്നാൽ ഇങ്ങനെയൊന്നുമല്ലാതെ, വ്യത്യസ്തമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന ചില രാജ്യങ്ങളുണ്ട്. 

ഐസ്ലൻഡിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഒരൽപം നിറപ്പകിട്ട് കൂടുതലാണ്.  സാധാരണ ക്രിസ്തുമസിന് സാന്‍റാക്ളോസ് വരുമെന്നും സമ്മാനങ്ങൾ നൽകുമെന്നുമാണ് കുട്ടികളുടെ വിശ്വാസം. എന്നാൽ, ഐസ്ലൻഡിൽ യൂൾ ലാഡ്‌സുകളിലാണ് കുട്ടികളുടെ വിശ്വാസം. ക്രിസ്തുമസിന് മുൻപുള്ള 13 ദിവസങ്ങളിൽ ജനലരികിൽ ഷൂ വച്ചിട്ട് കിടന്നുറങ്ങുന്ന കുട്ടികളുടെ വിശ്വാസം രാത്രി യൂൾ ലാഡ്‌സുകളെത്തി അതിൽ സമ്മാനങ്ങൾ വയ്ക്കുമെന്നാണ്.

Read Also: ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്കുണ്ടാക്കിയ കേരളത്തിലെ നഗരത്തിൻറെ കഥ

നോർവേക്കാർക്ക് ദുഷ്ടശക്തികൾക്കെതിരെയുള്ള പോരാട്ടമാണ് ക്രിസ്തുമസ്. ഇവർ ക്രിസ്തുമസ് തലേന്ന്, വീടുകളിൽ ഉപയോഗിക്കുന്ന ചൂലുകളെല്ലാം ഒളിപ്പിച്ചുവയ്ക്കും. രാത്രിയിൽ മന്ത്രവാദികളും നരകീയ ശക്തികളും അവ ഉപയോഗിച്ച് യാത്രചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. നോർവേയിൽ മറ്റു ചിലർ  വീടിന്‍റെ അടുപ്പ് കത്തിച്ചാണ് ദുഷ്ടശക്തികളോട് പൊരുതുന്നത്.  ഇത് ചിമ്മിനി വഴിയുള്ള പൈശാചിക ശക്തികളുടെ കടന്നുകയറ്റം തടയുമെന്നാണ് ഇവരുടെ വിശ്വാസം. 

ജപ്പാനിൽ KFCയാണ് ക്രിസ്തുമസ് സ്‌പെഷ്യൽ. ക്രിസ്‌തുമസ്‌ രാത്രിയിൽ കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ച് അടുത്തുള്ള KFC ഔട്ട്ലെറ്റിൽ പോകുകയും അന്നത്തെ അത്താഴ൦ അവിടെ നിന്ന് കഴിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ക്രിസ്തുമസ് രാത്രികളിൽ KFC ഔട്ട്ലെറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. മാസങ്ങൾക്ക് മുൻപ് തന്നെ ക്രിസ്തുമസ് രാത്രിയിലേക്കുള്ള KFC ബുക്കിംഗ് ആരംഭിക്കുകയും ചെയ്യും. 

ഫിലിപ്പീൻസിലെ ക്രിസ്തുമസ്സിന് മാറ്റേകുന്നത് ജയന്റ് ലാന്റേൺ ഫെസ്റ്റിവൽ ആണ്. പേപ്പർ വിളക്കുകൾ കത്തിച്ച് ആകാശത്തേക്ക് പറത്തി വിടുന്നതാണ് പതിവ്. ക്രിസ്തുമസിന് മുൻപുള്ള ശനിയാഴ്ചയാണ്  ആഘോഷങ്ങൾക്കായി ജനം ഗ്രാമങ്ങളിൽ ഒത്തുകൂടുക. ഒത്തുകൂടുന്നവർ വ്യത്യസ്തവും വർണാഭവുമായ പേപ്പർ വിളക്കുകൾ നിർമ്മിക്കു൦. ആറടി നീളമുള്ള വിളക്കുകളാണ് ഇവർ പൊതുവെ നിർമ്മിക്കാറുള്ളത്. 

Read Also: ക്രിസ്മസ് അവധിക്കാലത്ത് മുംബൈയിലെ ഈ പ്രശസ്തമായ ദേവാലയങ്ങൾ സന്ദർശിക്കാം- ചിത്രങ്ങൾ

യുക്രൈനിലെ ക്രിസ്തുമസ് ആഘോഷങ്ങളെ വ്യത്യസ്തമാക്കുന്നത് ക്രിസ്തുമസ് ട്രീകളിലെ അലങ്കാരമാണ്. ചിലന്തിവലയുടെ രൂപത്തിലുള്ള അലങ്കാരങ്ങളാണ് ഇവർ ക്രിസ്തുമസ് ട്രീകളിൽ കൂടുതലായും ഉപയോഗിക്കാറുള്ളത്. ഇതിന് പിന്നിലൊരു കഥയുണ്ട്. പണമില്ലാത്തതിനാൽ  ക്രിസ്തുമസ് ട്രീ അലങ്കരിക്കാൻ കഴിയാതിരുന്ന പാവപ്പെട്ട ഒരു വിധവയ്ക്കും മകനും വേണ്ടി ചിലന്തികൾ വലനെയ്ത് ട്രീ 
അലങ്കരിച്ച് നൽകി എന്നാണ് ഐതിഹ്യം.  ഈ ഐതിഹ്യത്തിന്‍റെ ഓർമ്മപ്പെടുത്തലാണ് യുക്രൈനിലെ ചിലന്തിവലരൂപത്തിലെ അലങ്കാരങ്ങൾ. 

വെനസ്വേലയുടെ തലസ്ഥാനമായ കരാകസിൽ ക്രിസ്തുമസ്സിന്റെ അന്ന്  ആളുകൾ കുർബ്ബാന കൂടാനായി പോകും. ഇത് സ്വാഭാവികമായി തോന്നുമെങ്കിലും അതിൽ ഒരൽപ്പം വ്യത്യസ്തതയുണ്ട്. റോളർ സ്കേറ്റിലാണ് ആളുകളെല്ലാം അന്ന് കുർബാനയ്ക്കായി പള്ളിയിൽ പോകുന്നത്. ഇങ്ങനെ പോകുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാൻ അന്ന് നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കും. 

വ്യത്യസ്തമായ ഒരു മത്സരമാണ് ജർമ്മനിയിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നത്. ക്രിസ്തുമസ് ട്രീക്കുള്ളിൽ 'പിക്കിൾ അലങ്കാരം' ഒളിപ്പിച്ച് വയ്ക്കും.  ക്രിസ്തുമസ് രാത്രി  നടക്കുന്ന ആഘോഷങ്ങൾക്കിടെ 
ഒളിപ്പിച്ച് വച്ച ഈ അലങ്കാരം കുട്ടികൾ കണ്ടെത്തണം. ഇത് ആദ്യം കണ്ടെത്തുന്ന കുട്ടിയ്ക്ക് പ്രത്യേകം സമ്മാനങ്ങൾ കൊടുക്കും.   

ഗ്വാട്ടിമാലയിലെ ആളുകൾക്ക് വൃത്തിയാണ് ദൈവം.  വീടുകളിലെ അഴുക്കുപിടിച്ച മൂലകളിലും ഇരുട്ടിലും ദുഷ്ടശക്തികൾ കുടിയിരിക്കുമെന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ട് ക്രിസ്തുമസിന് ഒരാഴ്ച മുൻപു മുതൽ ഇവിടെയുള്ളവർ വീടുകൾ വൃത്തിയാക്കാൻ തുടങ്ങും.  ഇങ്ങനെ വൃത്തിയാക്കുമ്പോൾ കിട്ടുന്ന ചവറുകൾ വച്ച് കോലമുണ്ടാക്കുകയും അത് കത്തിച്ചുകളയുകയും ചെയ്യുന്നതാണ് രീതി. 

പോർച്ചുഗൽ സ്വദേശികളുടെ വിശ്വാസം അൽപ്പം കടുത്തതാണ്. ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ  പരേതാത്മാക്കളെത്തും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.  അതുകൊണ്ട് ക്രിസ്തുമസ് വിരുന്ന് കഴിക്കാനിരിക്കുമ്പോൾ ആത്മാക്കൾക്ക് വേണ്ടി പ്രത്യേകം ഇരിപ്പിട൦ ഒരുക്കും. 

ചെക്ക് റിപ്പബ്ലിക്കിൽ അവിവാഹിതരായ യുവതികളുടെ ഭാവി പ്രവചിക്കാൻ  ക്രിസ്തുമസ് വൈകുന്നേരങ്ങളിൽ ഒരു ചടങ്ങുണ്ട്.  വീടിന്‍റെ വാതിലിൽ പുറംതിരിഞ്ഞു നിന്ന് തോളിന് മുകളിലൂടെ ഹീലുളള ചെരിപ്പ് എറിയുന്നതാണ് ചടങ്ങ്.  പുറത്തേക്കെറിയുന്ന ഹീൽസ് വാതിലിനെ അഭിമുഖീകരിച്ചാണ് കുത്തി നിൽക്കുന്നതെങ്കിൽ യുവതിയുടെ വിവാഹം അടുത്ത വർഷം തന്നെ നടക്കുമെന്നാണ് വിശ്വാസം. മറിച്ചാണെങ്കിൽ വിവാഹത്തിന് കാലതാമസമുണ്ടാകുമെന്നും കരുതപ്പെടുന്നു.  

കാലദേശങ്ങൾ മാറുമ്പോൾ ക്രിസ്തുമസ് ആഘോഷത്തിനപ്പുറം വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒക്കെ നിറഞ്ഞതാകുന്നു.  ഒരിടത്തേതുമായി മറ്റൊരിടത്തെ ആഘോഷത്തിനും ആചാരത്തിനുമൊന്നും  സാമ്യമോ ബന്ധമോ ഉണ്ടാകില്ല. എന്നാലും പൊതുവായി ഒന്നുണ്ട്. അത് ക്രിസ്തുമസിന്‍റെ സന്തോഷവും സ്പിരിറ്റുമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News