ബാർബഡോസ്: ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പ്രകടനത്തിൽ തകർത്ത് ഇന്ത്യ കിരീടംചൂടിയിരിക്കുകയാണ്. മത്സര ശേഷം സമ്മാനദാന ചടങ്ങിൽ കിരീടം ഏറ്റുവാങ്ങാനായി എത്തിയ നായകൻ രോഹിത് ശർമ്മയുടെ സ്‌പെഷ്യൽ നടത്തം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 2022ൽ ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പ് ഫൈനലിലെ വിജയത്തിന് ശേഷം അർജന്റീന നായകൻ ലയണൽ മെസിയുടെ സ്‌പെഷ്യൽ നടത്തവും വൈറലായിരുന്നു.
ടി20 കിരീടം ഏറ്റുവാങ്ങാനായി മെസിയുടെ നടത്തം രോഹിത് അനുകരിച്ചതാണെന്നാണ് പലരും കരുതിയത്. എന്നാൽ സംഭവം അങ്ങനെയല്ല. സത്യത്തിൽ റസ്‌ലിംഗ് താരം റിക് ഫ്‌ലെയറിന്റെ നടത്തത്തെയാണ് രോഹിത് അനുകരിച്ചത്. കിരീടം സമ്മാനിക്കുന്നതിന് തൊട്ടുമുമ്പ് സഹതാരം കുൽദീപ് യാദവാണ് രോഹിത്തിനെ ഈ നടത്തം പഠിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ പോഡിയത്തിലേയ്ക്ക് കയറുമ്പോഴാണ് കുൽദീപ് യാദവ് രോഹിത് ശർമ്മയ്ക്ക് സ്‌പെഷ്യൽ നടത്തം പഠിപ്പിച്ചു കൊടുത്തത്.
ALSO READ: രണ്ടാം കിരീടമുയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റൺസ് ജയം
പറഞ്ഞ് പഠിപ്പിക്കുന്നതിന് പുറമെ അനുകരിച്ചും കാണിച്ചാണ് കുൽദീപ് രോഹിത്തിന് 'ക്ലാസ്' എടുത്തത്. എന്നാൽ, അതൊന്നും വേണ്ട എന്ന മട്ടിൽ രോഹിത് തലയാട്ടി. പിന്നീട് കിരീടം വാങ്ങാനായി എത്തിയപ്പോഴാണ് രോഹിത് കുൽദീപ് യാദവിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്. രോഹിത് നടന്നു വരുമ്പോൾ സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ ഉൾപ്പെടെയുള്ള താരങ്ങൾ ഇത് അനുകരിക്കുന്നതും കൗതുക കാഴ്ചയായിരുന്നു. കിരീട നേട്ടം സന്തോഷ വാർത്തയായിരുന്നെങ്കിലും മത്സര ശേഷം വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഇന്ത്യൻ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.
അതേസമയം, നീണ്ട 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ടി20 ലോകകിരീടത്തിൽ മുത്തമിട്ടത്. 2007ൽ നടന്ന പ്രഥമ ടി20 ലോകകിരീടം നേടിയതിന് ശേഷം രണ്ടാം കിരീടത്തിന് വേണ്ടി ഇന്ത്യയ്ക്ക് 2024 വരെ കാത്തിരിക്കേണ്ടി വന്നു. ബാർബഡോസിൽ നടന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ പരാജയമറിയാതെയാണ് ഇന്ത്യ കിരീടം നേടിയത് എന്നതും സവിശേഷതയാണ്. 2013ൽ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഒരു ഐസിസി കിരീടം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ കാത്തിരിപ്പിനും വിരാമമിട്ടാണ് രോഹിത് ശർമ്മയും സംഘവം ടി20 ലോകകിരീടം സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy