ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയ്ക്ക് ഇന്ന് വിജയിച്ചേ തീരൂ. നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായ ഡൽഹി ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ജയത്തോടെ മടങ്ങാൻ ഉറച്ചാകും ഇറങ്ങുന്നത്. അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
പോയിന്റ് പട്ടികയിൽ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നതിനൊപ്പം മുംബൈ ഇന്ത്യൻസോ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവോ അവസാന മത്സരത്തിൽ പരാജയപ്പെടുകയും വേണം. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ചെന്നൈ 15 പോയിന്റിൽ തന്നെ തുടരും. ഇന്ന് തന്നെ നടക്കുന്ന നിർണായകമായ രണ്ടാം മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ജയിക്കുകയോ മത്സരം മഴ കാരണം ഉപേക്ഷിക്കുകയോ ചെയ്താൽ ലക്‌നൗ ചെന്നൈയെ മറികടക്കും. മുംബൈയും ചെന്നൈയും അവസാന മത്സരത്തിൽ വിജയിച്ചാൽ ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടുക.
ALSO READ: പഞ്ചാബിനെ പഞ്ചറാക്കി ഡൽഹി; രാജസ്ഥാന് പ്രതീക്ഷ
ചെന്നൈയുടെ സ്പിൻ ആക്രമണവും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കു കാട്ടുന്ന ഡൽഹിയുടെ സ്പിന്നേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുക. റുതുരാജ് ഗെയ്ക്വാദും ഡെവൺ കോൺവേയും നൽകുന്ന മികച്ച തുടക്കത്തിലാണ് ചെന്നൈ ഇത്തവണയും പ്രതീക്ഷ അർപ്പിക്കുന്നത്. തകർത്തടിക്കാൻ കെൽപ്പുള്ള അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയീൻ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ എന്നിവർ മധ്യനിരയ്ക്ക് കരുത്തേകും. ഫിനിഷിംഗ് റോൾ ഗംഭീരമാക്കാൻ പതിവ് പോലെ നായകൻ എം. എസ് ധോണി കൂടി എത്തുമ്പോൾ ചെന്നൈ നിര ശക്തം. ദീപക് ചഹർ, തുഷാർ ദേശ്പാണ്ഡെ, മതീഷ് പതിരണ തുടങ്ങിയവർ പേസ് ആക്രമണത്തിന് നേതൃത്വം നൽകും.
മറുഭാഗത്ത്, ഡേവിഡ് വാർണറുടെ ഫോമിലാണ് ഡൽഹിയുടെ പ്രതീക്ഷ. അവസാന മത്സരത്തിൽ ഓപ്പണർ പൃഥ്വി ഷായും ഫോമിൽ തിരിച്ചെത്തിയിട്ടുണ്ട്. റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവരുടെ തകർപ്പൻ പ്രകടനത്തിന്റെ കൂടി മികവിൽ അവസാന മത്സരത്തിൽ പഞ്ചാബിനെ തകർത്താണ് ഡൽഹിയുടെ വരവ്. ഇതേ മികവ് ഇന്നത്തെ മത്സരത്തിലും ആവർത്തിക്കാൻ കഴിഞ്ഞാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല.
പൊതുവേ സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചാണ് ഡൽഹിയിലേത്. ഉച്ചയ്ക്ക് ശേഷം താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ഇത് 35 ഡിഗ്രി സെൽഷ്യസിലേയ്ക്ക് എത്തും. സമയം കടന്നു പോകുന്നതോടെ ഗ്രൗണ്ടിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. പ്ലേ ഓഫിൽ എത്താനായില്ലെങ്കിൽ എം എസ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് ചെന്നൈ ആരാധകർ.
സാധ്യതാ ടീം
ചെന്നൈ സൂപ്പർ കിംഗ്‌സ് സാധ്യതാ ഇലവൻ: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി ( C / WK ), ദീപക് ചാഹർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ
ഡൽഹി ക്യാപിറ്റൽസ് സാധ്യതാ ഇലവൻ: ഡേവിഡ് വാർണർ (C), പൃഥ്വി ഷാ, റിലീ റോസോ, ഫിൽ സാൾട്ട് (WK), അക്സർ പട്ടേൽ, അമൻ ഖാൻ, യാഷ് ദുൽ, കുൽദീപ് യാദവ്, ആൻറിച്ച് നോർച്ചെ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...