അഹമ്മദാബാദ്: IPL 2022 : ഐപിഎൽ 15- മത്തെ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കന്നിക്കിരീടം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തകർത്താണ് അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടിത്തിൽ മുത്തമിട്ടത്.
ગરવી ગુજરાત!
ᴛʜɪs ᴛᴇᴀᴍ | ᴛʜɪs sᴛᴀᴅɪᴜᴍ | ᴛʜɪs sᴛᴀᴛᴇ pic.twitter.com/D2dDb5fYlB— Gujarat Titans (@gujarat_titans) May 29, 2022
131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 18.1 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഭേദപ്പെട്ട തുടക്കമാണ് കാഴ്ചവച്ചത്. എന്നാൽ രണ്ടാം ക്വാളിഫയറിലെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബട്‌ലര്‍ക്ക് ഫൈനലിൽ താളം കണ്ടെത്താനായില്ല.
35 പന്തുകളിൽ 39 റണ്‍സുമായി ബട്‌ലര്‍ മടങ്ങിയതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന രാജസ്ഥാന്റെ സ്വപ്‌നത്തിന് മങ്ങലേൽക്കുകയായിരുന്നു. മാത്രമല്ല നായകന്‍ സഞ്ജു സാംസണ്‍ 14 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 2 റണ്‍സും നേടി മടങ്ങിയതോടെ രാജസ്ഥാന്റെ നില ശരിക്കും പരുങ്ങലിലാകുകയായിരുന്നു. ഷിമ്രോണ്‍ ഹെറ്റ്മയറും (11) രവിചന്ദ്രന്‍ അശ്വിനും (6) റിയാന്‍ പരാഗുമൊക്കെ (15) കനത്ത റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു.
ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിലാണ് ഗുജറാത്ത് ഐപിഎൽ കിരീടം നേടിയത്. 4 ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയ പാണ്ഡ്യ 3 നിര്‍ണായകമായ വിക്കറ്റുകൾ വീഴ്ത്തി. ജോസ് ബട്‌ലറും സഞ്ജു സാംസണും ഷിമ്രോണ്‍ ഹെറ്റ്മയറും പാണ്ഡ്യയ്ക്ക് മുന്നില്‍ തലകുത്തിവീണു. 2 ഓവറില്‍ 20 റണ്‍സ് വഴങ്ങിയ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍, യാഷ് ദയാല്‍, മുഹമ്മദ് ഷാമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയതോടെ രാജസ്ഥാന്റെ സ്‌കോര്‍ 130 ല്‍ ഒതുങ്ങുകയായിരുന്നു.
Also Read: വരമാലയ്ക്ക് പകരം വധു വരനെ അണിയിച്ചത് പാമ്പിനെ, തിരിച്ച് വരൻ അണിയിച്ചത് പെരുമ്പാമ്പിനെ..! വീഡിയോ വൈറൽ
131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വൃദ്ധിമാന്‍ സാഹയെ 7 പന്തിൽ 5 റൺസോടെ ക്ലീന്‍ ബൗള്‍ഡാക്കി പ്രസിദ്ധ് കൃഷ്ണ ആദ്യ അടിനൽകി, മാത്യു വെയ്ഡും 8 റൺസിൽ മടങ്ങി. ശേഷം നാലാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഗില്ലും ഗുജറാത്തിന്റെ സ്‌കോര്‍ ക്ഷമയോടെ മുന്നോട്ട് കൊണ്ടുപോയി. വിക്കറ്റ് നഷ്ടപ്പെടാതെയും റണ്‍റേറ്റ് താഴാതെയും ശ്രദ്ധിച്ചുകൊണ്ട് പാണ്ഡ്യയും ഗില്ലും പിടിച്ചുനിന്നപ്പോള്‍ രാജസ്ഥാന്റെ പദ്ധതികള്‍ പൊളിയുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
30 പന്തില്‍ 34 റണ്‍സ് നേടി പാണ്ഡ്യ പുറത്തായപ്പോഴേയ്ക്കും ഗുജറാത്ത് സുരക്ഷിതമായ നിലയില്‍ എത്തിയിരുന്നു. പാണ്ഡ്യയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ നേടിയ 32 റൺസ് കൂടിയായപ്പോൾ ഗുജറാത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ 43 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യത്തെ സീസണില്‍ തന്നെ കപ്പുയര്‍ത്താന്‍ ഗുജറാത്തിനെ സഹായിച്ചത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനമാണ്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ പാണ്ഡ്യ നല്ല മികവ് പുലര്‍ത്തി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.