India vs Bangladesh: അനായാസ ജയത്തോടെ തുടങ്ങി ഇന്ത്യ; തിളങ്ങി സഞ്ജുവും സൂര്യകുമാറും ഹാ‍ർദ്ദിക്കും

India vs Bangladesh 1st T20I: ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം വെറും 11.5 ഓവറില്‍ ഇന്ത്യ മറികടന്നു.

Written by - Zee Malayalam News Desk | Last Updated : Oct 6, 2024, 11:15 PM IST
  • മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയാണ് ഇന്ത്യയുടെ ജയം.
India vs Bangladesh: അനായാസ ജയത്തോടെ തുടങ്ങി ഇന്ത്യ; തിളങ്ങി സഞ്ജുവും സൂര്യകുമാറും ഹാ‍ർദ്ദിക്കും

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ അനായാസ ജയവുമായി ഇന്ത്യ. ബം​ഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം വെറും 11.5 ഓവറില്‍ ഇന്ത്യ മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയാണ് ജയം സ്വന്തമാക്കിയത്.

സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. രണ്ടോവറില്‍ 25 റണ്‍സെടുത്താണ് സഞ്ജു-അഭിഷേക് സഖ്യം പിരിഞ്ഞത്. 16 റണ്‍സെടുത്ത അഭിഷേക് ശര്‍മ ആദ്യം പുറത്തായി. ഏഴ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അഭിഷേക് ശർമ നേടി.

ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തിൽ 29 റൺസുമായി തിളങ്ങി. സഞ്ജു 19 പന്തിൽ ആറ് ഫോറുകള്‍ നേടി. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവുമൊത്ത് 40 റണ്‍സിന്റെ കൂട്ടുകെട്ടും സഞ്ജു തീർത്തു. സൂര്യ കുമാര്‍ 14 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 29 റണ്‍സെടുത്ത് മടങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി- ഹര്‍ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.

16 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമായി ഹര്‍ദിക് പാണ്ഡ്യ 39 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്‌സടിച്ചാണ് ഹാർദ്ദിക് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്. നിതീഷ് 15 പന്തില്‍ ഒരു സിക്‌സ് അടക്കം 16 റണ്‍സുമായി പുറത്താകാതെ ഹര്‍ദിക്കിനൊപ്പം നിന്നു.

മൂന്ന് വിക്കറ്റ് വീതം നേടിയ അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ബംഗ്ലാദേശിനെ  തകര്‍ത്തത്. 19.5 ഓവറില്‍ ബം​ഗ്ലാദേശ് ഓൾ ഔട്ടായി. മായങ്ക് യാദവ് ഒരു വിക്കറ്റ് നേടി. വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി. 

35 റണ്‍സ് നേടി പുറത്താകാകെ നിന്ന മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ബം​ഗ്ലാദേശിന്റെ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27) - തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് നേടി. ഹൃദോയിയെ വരുൺ ചക്രവർത്തി പുറത്താക്കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് മികച്ച ഫോമിലേക്കെത്താനായില്ല.

ഷാന്റോയും മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 75 എന്ന സ്കോറിലായിരുന്നു. റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ അഹമ്മദ് (12) എന്നിവരുമായി ചേർന്ന് മെഹിദി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 120 കടത്തിയത്. ഷൊറിഫുള്‍ ഇസ്ലാം റൺസൊന്നും നേടാതെ പുറത്തായി. മുസ്തഫിസുര്‍ റഹ്മാന്‍ (1) അര്‍ഷ്ദീപിന്റെ യോര്‍ക്കറില്‍ ബൗള്‍ഡായി മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News