ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തോൽവിക്ക് പിന്നാലെ ഓസീസ് താരങ്ങൾക്ക് ഉപദേശവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഇയാൻ ചാപ്പൽ. പരമ്പരയിൽ ഇന്ത്യൻ സ്പിന്നർമാരായ ആർ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും പ്രകടനം അതേപടി ആവർത്തിക്കാതിരിക്കാനാണ് മുൻ നായകൻ തന്റെ ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരമ്പരയിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അശ്വിനും ജഡേജയും ചേർന്ന് 31 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിക്കറ്റുകൾ കൂടുതലും ജഡേജയാണ് എടുത്തെങ്കിലും പരമ്പരയിൽ മികച്ച രീതിയിൽ പന്തെറിയുന്നത് അശ്വിനാണെന്ന് ഇയാൻ ചാപ്പൽ അഭിപ്രായപ്പെട്ടു.
അശ്വിനെ പോലെ പന്തെറിയാൻ നഥാൻ ലയോൺ സാധിക്കില്ല. അതുകൊണ്ട് ഓസീസ് ഓഫ് സ്പിന്നർ തന്റേതായ ശൈലിയിൽ പ്രകടനം കാഴ്ചവെക്കണമെന്നാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ നിർദേശം നൽകുന്നത്. എന്നാൽ മാത്രമെ ഇന്ത്യൻ മണ്ണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുള്ളൂയെന്ന് ഇയാൻ ചാപ്പൽ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോട് പറഞ്ഞു.
അശ്വിനെയും ജഡേജയെയും പോലെ ഓസീസ് സ്പിന്നർമാർ പ്രകടനം നടത്താൻ ശ്രമിക്കുന്നുണ്ട്. അശ്വിനും ജഡേജയ്ക്കും ഇന്ത്യൻ മണ്ണിൽ എങ്ങനെ പന്തെറിയണമെന്ന് വ്യക്തമായ ധാരണയുണ്ട്. എന്നാൽ അവരെ പോലെ പന്തെറിയുക എന്ന പറയുന്നത് നല്ലതല്ല. ലയോണിന് ലയോണിന്റേതായ ശൈലിയുണ്ട്. അതിൽ തന്നെ പന്തെറിയുക എന്നാലെ ഫലമുണ്ടാകൂയെന്ന് ഇയാൻ ചാപ്പൽ വ്യക്തമാക്കി.
അതേസമയം പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയത് ജഡേജയാണെങ്കിലും മികച്ച പ്രകടനം കാണാൻ സാധിച്ചത് അശ്വിന്റെ ഭാഗത്ത് നിന്നാണ്. ഓസ്ട്രേലിയയിൽ അശ്വിൻ പന്തെറിയുന്നത് കണ്ടിട്ടുണ്ട്. അവിടെയും മികച്ച രീതിയിലാണ് ഇന്ത്യൻ സ്പിന്നർ പന്തെറിഞ്ഞിട്ടുള്ളത്. ജഡേജയും പന്തുകളിൽ വലിയ വ്യത്യാസങ്ങളില്ല. എന്നാൽ ജഡേജ ഒരുപാട് കാര്യങ്ങൾ പഠിച്ചെടുത്തു. അതിൽ നിന്നും മികവ് പുലർത്തുന്നുണ്ട്. അതാണ് ഇന്ത്യയെ മികച്ച ജയത്തിലേക്ക് നയിക്കുന്നതെന്ന് ഇയാൻ ചാപ്പൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വീണ 40 ഓസീസ് വിക്കറ്റുകൾ 31-ഉം നേടിയത് അശ്വിനും ജഡേജയും ചേർന്നാണ്. ആദ്യ ടെസ്റ്റ് നടന്ന നാഗ്പൂരിൽ രണ്ട് പേരും ചേർന്ന് 15 വിക്കറ്റുകളാണ് കറക്കി വീഴ്ത്തിയത്. ഡൽഹിയിലാണെങ്കിൽ ജഡേജയുടെ പത്ത് വിക്കറ്റ് നേട്ടത്തോടെ രണ്ട് പേരും ചേർന്ന് 16 ഓസീസ് ബാറ്റർമാരെയാണ് ഡ്രെസ്സിങ് റൂമിലേക്ക് പറഞ്ഞ് അയച്ചത്.
മാർച്ച് ഒന്നാം തീയതിയാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. ഇൻഡോർ ഹോൾക്കർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പരമ്പരയിൽ 2-0ത്തിന് ഇന്ത്യ മുന്നിലാണ്. ആദ്യ രണ്ട് ടെസ്റ്റിലെ അതേ സ്ക്വാഡിനെ നിലനിർത്തിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സ്ക്വാഡ്- രോഹിത് ശർമ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്, സൂര്യകുമാർ യാദവ്. മാർച്ച് ഒമ്പതിന് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...