നാഗ്പൂർ : ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് മേൽ ഇന്ത്യക്ക് ആധിപത്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത സന്ദർശകർ ആദ്യ ദിനം തന്നെ പുറത്തായി. 177 റൺസ് മാത്രമെടുത്താണ് ഓസീസ് തങ്ങളുടെ ആദ്യ ഇന്നിങ്സ് പൂർത്തിയാക്കിയത്. ചായയ്ക്ക് പിരിയുന്നതിന് മുമ്പ് ഇന്ത്യൻ ബോളർമാർ കംഗാരുക്കളെ കൂട്ടിൽ കയറ്റുകയായിരുന്നു, പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്ന് ആദ്യ മത്സരത്തിൽ തന്നെ രവീന്ദ്ര ജഡേജയ്ക്ക് അഞ്ച് വിക്കറ്റ് നേട്ടം.
ടോസ് നേടിയ പാറ്റ് കമൻസ് ആദ്യം ബാറ്റ് ചെയ്യാനായി തീരുമാനമെടുക്കുകയായിരുന്നു. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണെങ്കിലും വേഗയുള്ള ഔട്ട് ഫീൽഡ് നാഗ്പൂരിന്റെ പ്രത്യേകതയാണ് ഓസീസ് ടീമിന് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാൻ തോന്നിയത്. ആദ്യ ദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാകുന്ന പിച്ചിൽ ഒന്ന് പിടിച്ച് നിൽക്കാൻ പോലും ഇന്ത്യൻ ബോളർമാർ സമ്മതിച്ചില്ല. ഓസീസ് സ്കോർ ബോർഡ് രണ്ട് റൺസെത്തിയപ്പോഴേക്കും ഓപ്പണർമാരായ ഡേവിഡ് വാർണറെയും ഉസ്മാൻ ഖവാജയെയും പുറത്താക്കി ഇന്ത്യൻ പേസർമാർ സന്ദർശകരെ സമ്മർദ്ദത്തിലാഴ്ത്തി. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് വിക്കറ്റുകൾ നേടിയത്.
ALSO READ : IND vs AUS 1st Test : ആ സുവർണ്ണ നേട്ടത്തിന് ഇനി 64 റൺസ് മതി; നാഗ്പൂരിൽ വിരാട് കോലി ചരിത്രം സൃഷ്ടിക്കുമോ?
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ മാർനസ് ലബുഷെയ്നും ഉപനായകൻ സ്റ്റീവ് സ്മിത്തും ചേർന്ന് പ്രതിരോധിത്തിന് ശ്രമിക്കുകയും ചെയ്തു. ആദ്യ പത്ത് ഓവറുകൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പന്തെറിയാൻ സ്പിന്നർമാരെ ഏൽപ്പിക്കുകയായിരുന്നു. മത്സരത്തിൽ അപകടകാരിയാകാൻ സാധ്യതയുള്ള ലബുഷെയ്നെ പുറത്താക്കി കൊണ്ട് ജഡേജ പരിക്കിനെ തുടർന്നുള്ള തന്റെ നീണ്ട ഇടവേളയ്ക്ക് അന്ത്യം കുറിച്ചു. തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷോയെ എൽബിഡബ്യുയുവിൽ കുരുക്കി ഓസ്ട്രേലിയൻ പ്രതിരോധത്തെ തകർത്ത് കളയുകയായിരുന്നു ജഡേജ. പിന്നാലെ സ്മിത്തിന്റെ കുറ്റിയും തെറിപ്പിച്ച് ജഡേജ നാഗ്പൂരിൽ ഇന്ത്യയ്ക്ക് സമ്പൂർണ ആധിപത്യം നൽകി.
അതിന് ശേഷം ആറാം വിക്കറ്റ് കൂട്ടികെട്ടിൽ പീറ്റർ ഹാൻഡ്സകോംബും വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാറെയും ചേർന്ന് മറ്റു പ്രതിരോധത്തിനായി ശ്രമിച്ചു. എന്നാൽ ആ കൂട്ടുകെട്ടിനെ പിരിച്ചുകൊണ്ട് ആർ അശ്വിനും വിക്കറ്റ് നേട്ടത്തിൽ ചേർന്നു. കാരെയുടെ കുറ്റി തെറിപ്പിച്ചുകൊണ്ട് അശ്വിൻ തന്റെ ടെസ്റ്റ് കരിയറിലെ 450 വിക്കറ്റ് നേട്ടം സ്വന്തമാക്കി. അനിൽ കുംബ്ലെ കഴിഞ്ഞ് ടെസ്റ്റിൽ 450 വിക്കറ്റ് ഏറ്റവും വേഗത്തിൽ നേടുന്ന രണ്ടാമത്തെ താരമായി അശ്വിൻ.
ഓസീസ് പേസർ ടോഡ് മർഫിയെയും കൂടി പുറത്താക്കിയതോടെ ജഡേജ തന്റെ ടെസ്റ്റ് കരിയറിലെ 11-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. പരിക്കിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും നീണ്ട ഇടവേള എടുത്ത ജഡേജയ്ക്കും ഇതിലും വലിയ ഒരു തിരിച്ചു വരവ് ഉണ്ടായി കാണില്ലയെന്ന് തന്നെ പറയേണ്ടി വരും. ജഡേജയ്ക്ക് പുറമെ അശ്വിൻ മൂന്നും ഷമിയും സിറാജും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. 49 റൺസെടുത്ത ലബുഷെയ്നാണ് സന്ദർശകരുടെ ടോപ് സ്കോറർ. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങ് ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...