ന്യൂ ഡൽഹി : ബിസിസിഐയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശിലെ വാരണാസിയിൽ പുതിയ സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങുന്നു. 300 കോടി ചിലവിൽ വാരണാസിയിലെ ഗഞ്ചാരി മേഖലയിലാണ് പുതിയ സ്റ്റേഡിയം നിർമിക്കാൻ ബിസിസിഐ പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്ന ഇടം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സെക്രട്ടറി ജയ് ഷായും കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. സർക്കാരിൽ നിന്നും സ്ഥലം ലീസിനെടുത്ത് സ്റ്റേഡിയം നിർമിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തയ്യാറെടുക്കുന്നത്.
പുതിയ സ്റ്റേഡിയം വരുന്നതോടെ ഉത്തർ പ്രദേശിൽ മൂന്നാമത്തെ സ്റ്റേഡിയമാകുമിത്. കാൻപൂർ ഗ്രീൻ പാർക്കും ലഖ്നൗ ഏഖന സ്റ്റേഡിയവുമാണ് നിലവിൽ യുപിയിലുള്ളത്. കൂടാതെ പൂർവാൻചൽ മേഖലയിലെ ആദ്യ സ്റ്റേഡിയം കൂടിയാകും വാരണാസിയിലെ. പൂർവാൻചൽ മേഖലയിൽ ആയതിനാൽ ബിഹാറിൽ നിന്നുമുള്ള കായിക പ്രേമികൾക്കും മത്സരം കാണാൻ സാധിക്കുന്നതാണ്.
ALSO READ : Rishabh Pant : 'തിരിച്ച് വരുന്നുണ്ടെന്ന് പറ'; പുതിയ വീഡിയോ പങ്കുവെച്ച് റിഷഭ് പന്ത്
നിലവിൽ സ്റ്റേഡിയം നിർമണത്തിന്റെ പ്രാരംഭഘട്ടം ആരംഭിക്കാൻ പോകുന്നതെ ഉള്ളു. നിർമാണത്തിനുള്ള ടെൻഡർ ഉൾപ്പെടെയുള്ള മറ്റ് നടപടികൾ വരും മാസങ്ങളിലായി ഉടൻ നടന്നേക്കും. സ്റ്റേഡിയം നിർമ്മാണത്തിനായി 31 ഏക്കർ സ്ഥലമാണ് വേണ്ടത്. കാർഷിക മേഖലയായതിനാൽ കർഷകരിൽ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനായി യുപി സർക്കാർ 120 കോടി അനുവദിച്ചു. 300 കോടി രൂപ ചിലവിലാണ് സ്റ്റേഡിയം നിർമിക്കുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഗഞ്ചാരി മേഖലയിലെ സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് 30 വർഷത്തെ ലീസ് കരാറിലൂടെ നൽകും. കരാർ പിന്നീട് 90 വർഷത്തേക്ക് നീട്ടാനും സാധ്യതയുണ്ട്. 30,000 പേർക്കുള്ള ഇരിപ്പിട സൗകര്യമേർപ്പെടുത്തിയാണ് ബിസിസിഐ സ്റ്റേഡിയം നിർമിക്കുക. സ്റ്റേഡിയത്തിനോടൊപ്പം മേഖലയിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിന് മികച്ച റോഡുകളും പണി കഴിപ്പിക്കുന്നതാണെന്ന് മേഖല കമ്മീഷ്ണർ കൗശൽ രാജ് ശർമ പറഞ്ഞു. 2022 യുപി ബജറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലത്തിൽ സ്റ്റേഡിയം പണിയുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ അറിയിച്ചിരുന്നു.
നേരത്തെ കൊച്ചിയിൽ ബിസിസിഐയുടെ സ്റ്റേഡിയം നിർമിക്കാൻ ബോർഡ് സെക്രട്ടറി ജയ് ഷാ സമ്മതം അറിയിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്റ്റേഡിയത്തിനായിട്ടുള്ള ഇടം ജയ് ഷാ സന്ദർശിച്ചിരുന്നു. എറണാകുളത്തെ ചെങ്ങമനാട് മേഖലയിലാണ് സ്റ്റേഡിയം നിർമിക്കാൻ കെസിഎയും ബിസിസിഐയും തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...