ബെംഗളൂരു: രണ്ടാം ട്വന്റി 20യില്‍ അപ്രതീക്ഷിത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിനിറങ്ങും. രാത്രി 7ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി.
റണ്ണൊഴുകുന്ന പിച്ചില്‍ ഏറ്റവും മികച്ച പോരാട്ടത്തോടെ ബാറ്റിംഗ് വെടിക്കെട്ടിലൂടെ പരമ്പര പിടിക്കാനാണ് ഇരുടീമും ഇറങ്ങുന്നത്. ടെസ്റ്റി ലെയും (4-0), ഏകദിനത്തിലെയും (2-1) ജയത്തിനുശേഷം ട്വന്റി- 20യിലിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ പരാജയമായിരുന്നു.
എന്നാല്‍ അവസാന പന്തുവരെ ആവേശം നിറഞ്ഞ രണ്ടാം മത്സരത്തില്‍ ഇന്ത്യ അപ്രതീക്ഷിത ജയത്തോടെ തിരിച്ചുവന്നു. ഇന്ന് ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.
കഴിഞ്ഞ കളിയില്‍ അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയുടെ അപ്രതീക്ഷിത പ്രകടനമാണ് ഇന്ത്യക്ക് അഞ്ച് റണ്ണിന്റെ വിജയം സമ്മാനിച്ചത്. ഈ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ട് റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്.
ബാറ്റിങ്ങ് നിര ഇനിയും മികച്ച ഫോമിലേക്കുയരാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. കഴിഞ്ഞ കളിയില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന കാണിച്ചതാണ് ഇന്ത്യക്ക് ആശ്വാസം. എന്നാല്‍ യുവരാജ് സിങ്ങും സുരേഷ് റെയ്നയും കഴിഞ്ഞ രണ്ട് കളിലും തീര്‍ത്തും നിരാശപ്പെടുത്തി.
ബൗളര്‍മാരില്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. കഴിഞ്ഞ കളിയില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുത നെഹ്റ തന്നെയായിരുക്കും ഇന്നും ഇന്ത്യന്‍ ആക്രമണം നയിക്കുക. ഒപ്പം ബുംറയും യുസ്വേന്ദ്ര ചാഹലും അമിത് മിശ്രയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും.
ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെല്ലാവരും തന്നെ ഫോമിലാണെന്നതാണ് ഇയോന്‍ മോര്ഗന് ആശ്വാസം നല്‍കുന്നത്. അതുതന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്തും. ആ കരുത്തില്‍ ഇന്നത്തെ മൂന്നാം മത്സരം ജയിച്ച് ട്വന്റി 20 പരമ്പര സ്വന്തമാക്കുക എന്നതുമാത്രമാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. നേരത്തെ അവര്‍ ടെസ്റ്റ്, ഏകദിന പരമ്പകള്‍ ഇന്ത്യക്ക് അടിയറവെച്ചിരുന്നു.