കുവൈറ്റ്: ജനവാസ മേഖലയില്‍, അതും നല്ല തിരക്കുള്ള റോഡില്‍ സിംഹം ഇറങ്ങിയാല്‍ എന്താകും അവസ്ഥ?
എന്നാല്‍, അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയിരിക്കുകയാണ് കുവൈറ്റ് സിറ്റിയിലെ കബാദ് ജില്ലയിലെ ജനവാസ മേഖലയിലെ നിവാസികള്‍.
ആരോ രഹസ്യമായി വളര്‍ത്തിയ സിംഹം എങ്ങനെയോ രക്ഷപെട്ട് നഗരത്തിലെത്തിയതാകാനാണ് സാധ്യതയെന്ന് കുവൈറ്റ് ലൈവ്സ്റ്റോക് അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അലി അല്‍ ഗട്ടന്‍ വ്യക്തമാക്കി.
فيديو / أسد طليق في منطقة كبد . pic.twitter.com/QkgbFokUEb
— المجلس (@Almajlliss) August 22, 2018
കുവൈറ്റ് ലൈവ്സ്റ്റോക് അതോറിറ്റിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവച്ച, വളരെ തിരക്കുള്ള നഗരത്തിലൂടെ അലഞ്ഞുതിരിയുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ജനവാസ മേഖലയില്‍ കടന്നെത്തിയ സിംഹത്തെ പിടികൂടാന്‍ സുരക്ഷാ ജീവനക്കാരും എന്‍വയോണ്‍മെന്റ് പോലീസും പഠിച്ച പണി പതിനെട്ടും നോക്കി. എന്നിട്ടും മെരുങ്ങാതിരുന്ന സിംഹത്തെ മയക്കുവെടി വച്ചാണ് അവസാനം പിടികൂടിയത്. പിന്നീട് സിംഹത്തെ സമീപത്തെ മൃഗശാലയില്‍ ഏല്‍പ്പിച്ചു.
സിംഹത്തിന്റെ ഉടമയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് കുവൈറ്റ് ലൈവ്സ്റ്റോക്ക് അതോറിറ്റി അധികൃതര്‍ പറഞ്ഞു. കുവൈറ്റില്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാനുള്ള കുറ്റമാണ് നിയമവിരുദ്ധമായി വന്യമൃഗങ്ങളെ വളര്‍ത്തുന്നത്.
കഴിഞ്ഞ ജൂലൈയില്‍ സമാനമായ അവസ്ഥയില്‍ സൗദി, റിയാദിലെ ജനവാസ മേഖലയില്‍ നിന്ന് ഗൊറില്ലയെ പിടികൂടിയിരുന്നു. എന്നാല്‍, യാതൊരു ഭീതിയും വിതയ്ക്കാതെ റോഡിലൂടെ നടക്കുന്ന ഗൊറില്ല വളരെ സൗമ്യനായിരുന്നു.