Kochi : വിധു വിന്‍സന്റിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം വൈറൽ സെബിക്ക് വേള്‍ഡ് വൈഡ് റിലീസ്. ചിത്രം മാർച്ച് 20 നാണ് റിലീസ് ചെയ്യുന്നത്. ദുബായ് എക്സ്പോയിൽ ചിത്രം റിലീസ് ചെയ്യും. സംവിധായിക വിധു വിന്‍സന്റാണ് വിവരം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്ക് വെച്ചത്. ചിത്രത്തിനൊപ്പം നിന്ന പ്രേക്ഷകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.
വിധു വിന്‍സെന്റിന്റെ കുറുപ്പ്
"അതിരുകൾക്കപ്പുറം നീളുന്ന ഒരു യാത്രയുടെ കഥയാണ് വൈറൽ സെബി പറയുന്നത്. ലോകത്തിനു തന്നെ ആതിഥ്യമരുളുന്ന ദുബായ് എക്സ്പോയിൽ ഈ സിനിമയുടെ വേൾഡ് പ്രീമിയറിന് വേദിയൊരുങ്ങുന്നത് ഈ യാത്രയെ തികച്ചും സഫലമാക്കുന്നു. വൈറൽ സെബിയുടെ യാത്രയ്ക്കൊപ്പം കൂട്ടായി നില്ക്കുന്ന എല്ലാവരോടുമുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നു."
ഒരു പ്രതിസന്ധിഘട്ടത്തിൽ ഒരു അപരിചിതനെ ആശ്രയിക്കേണ്ടി വരുന്നതാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിത മഠത്തിലും ആനന്ദ് ഹരിദാസും ചേർന്നാണ്. മാത്രമല്ല നിരവധി വർഷങ്ങളായി പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിരുന്ന ബാദുഷ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് വൈറൽ സെബി.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷയും, മഞ്‍ജു ബാദുഷയും സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് എത്തുന്നത്. വളരെയധികം ശ്രദ്ധയും നേടിയ മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി വൈറൽ സെബിയ്ക്കുണ്ട്.
മലയാളം സിനിമ ചരിത്രത്തിൽ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയ ആദ്യ വനിതയാണ് വിധു വിൻസെന്റ്. മാന്ഹോൾ എന്ന ചിത്രത്തിലൂടെയാണ് വിധു ഈ ചരിത്ര നേട്ടം നേടിയത്. വിധു വിൻസെന്റ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം കൂടിയായിരുന്നു മാൻ ഹോൾ. വിധുവിന്റെ രണ്ടാമത്തെ ചിത്രമായ സ്റ്റാൻഡ് ആപ്പും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തിയത്. ഒരു റേപ്പ് സർവൈവറുടെ കഥയാണ് ചിത്രം പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...