ചെന്നൈ : നടൻ വിക്രമിന് ഹൃദയാഘാതമല്ല നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും മാത്രമാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ. വിക്രമിന്റെ ആരോഗ്യനില തൃപ്തികരം ആണെന്നും, താരം ഉടൻ തന്നെ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ പുറത്തുവിട്ട പത്രക്കുറുപ്പിൽ പറയുന്നു. ഡോക്ടർമാരുടെ ഒരു വിദഗ്ദ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ചതായും, ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അറിയിച്ചിട്ടുണ്ട്. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് വിക്രമിനെ പ്രവേശിപ്പിച്ചത്.
ആശുപത്രിയുടെ കോ - ഫൗണ്ടറും, എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോക്ടർ അരവിന്ദൻ സെൽവ രാജാണ് പത്രക്കുറുപ്പ് പുറത്തിറക്കിയത്. ഹൃദയാഘാതത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ പനിയെ തുടർന്ന് ഉണ്ടായ അസ്വസ്ഥതകൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന്, ജൂലൈ 8 ന് പൊന്നിയിൻ സെൽവന്റെ ടീസർ ലോഞ്ചിന് പങ്കെടുക്കാനിരിക്കെയായിരുന്നു വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ALSO READ: Actor Vikram : നടൻ വിക്രമിന് ഹൃദയാഘാതം? ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റായ പൊന്നിയിൻ സെൽവനിൽ ഒരു പ്രധാന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൻറെ ടീസർ ഇന്ന് പുറത്തിറങ്ങി. ചിത്രത്തിൻറെ ടീസറിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് വിക്രമിന്റെ കഥാപാത്രമായ ആദിത്യ കരികാലനാണ്. മാഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ' പൊന്നിയിൻ സെൽവൻ ' തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്.
പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.