ചെന്നൈ: പണം മുൻകൂറ് വാങ്ങിയിട്ടും കോൾ ഷീറ്റ് നൽകാത്ത താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി തമിഴ് സിനിമാ നേതാക്കൾ. ജൂണ്‍ 18-ന് നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ജനറൽ കമ്മിറ്റി യോഗത്തിൽ പുറത്തു വിട്ട പട്ടികയില്‍ 14 താരങ്ങളാണുള്ളത്. മുൻ നിരയിൽ തിളങ്ങുന്ന വമ്പൻ താരങ്ങളായ ചിമ്പു, വിശാൽ, വിജയ് സേതുപതി, എസ്.ജെ. സൂര്യ, അഥർവ, യോഗി ബാബു എന്നിവരാണ് പുറത്തുവന്ന പട്ടികയിലുൾപ്പെടുന്ന ചിലർ.
ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവുമായി നിർമാതാക്കൾ ഈ താരങ്ങൾക്കെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. നിർമാണക്കമ്പനിയായ തെനാണ്ടൽ സ്റ്റുഡിയോ ഉടമ മുരളി രാമസ്വാമി താൻ നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കാതെ നിർത്തിപ്പോയ നടൻ ധനുഷിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ തന്റെ ചിത്രം മുഴുമിപ്പിച്ചതിന് ശേഷമേ മറ്റുചിത്രങ്ങളിൽ അഭിനയിക്കാവൂ എന്ന് ധനുഷിനോട് സംഘടന ആവശ്യപ്പെടണമെന്നും മുരളി യോഗത്തിൽ ഉന്നയിച്ചു. പത്ത് സുരക്ഷാ ജീവനക്കാരെ വീതം നിയമിച്ച് നിർമാതാവിൽ നിന്ന് കൂടുതൽ പ്രതിഫലം വാങ്ങിയെന്ന പരാതിയിൽ ലക്ഷ്മി റായിക്കും അമലാ പോളിനുമെതിരെയും നടപടി വന്നേക്കും. താരങ്ങൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് അടുത്തയാഴ്ച വ്യക്തമാക്കുമെന്നാണ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...