നടൻ സൽമാൻ ഖാന്റെ ഷൂട്ടിങ് സെറ്റുകളിൽ എത്തുന്ന സ്ത്രീകൾ മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും കഴുത്തിന് ഇറക്കം കൂടിയ വസ്ത്രങ്ങൾ ഒന്നും ധരിക്കാൻ അനുവദിക്കില്ലെന്നും നടി പലക് തിവാരി പറഞ്ഞിരുന്നു. അതിനു പിന്നാലെ വലിയ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടന്നത്. അഭിനയിച്ച സിനിമകളും അയാളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി പല വിമർശനങ്ങളും നടനു നേരെ ഉയർന്നു. എന്തു ധരിക്കണമെന്നത് വ്യക്തികളുടെ താൽപര്യമാണെന്നും. നല്ല വസ്ത്രം മോശം വസ്ത്രം എന്നൊന്നുമില്ലെന്നുമൊക്കെ വാഗ്വാദങ്ങൾ ഉണ്ടായി.
ഇത് വലിയ സംഭവമായി ഉയർത്തി കാണിച്ച നടിക്കു നേരെയും വിമർശനങ്ങൾ ഉയർന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മൂടി വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞു. തന്റെ സെറ്റിലെ സ്ത്രീകളെ തെറ്റായ ഉദ്ദേശത്തോടെ പുരുഷന്മാർ നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സൽമാൻ ഖാൻ വ്യക്തമാക്കി. ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ ചിത്രങ്ങളിൽ ഷർട്ട് അഴിച്ചുമാറ്റി അഭിനയിക്കുകയും സ്ത്രീകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ വെക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് അല്ലേയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് നടൻ ഈ കാര്യത്തിൽ വീണ്ടും വ്യക്തത വരുത്തിയത്.
ALSO READ: "വിത്തൈക്കാരൻ" എത്തുന്നു; പുതിയ വീഡിയോ പുറത്തുവിട്ട് ലോകേഷ് കനകരാജ്
അത് ഇരട്ടത്താപ്പല്ലെന്ന് നടൻ പറയുകയും. ആ കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്തു. എന്നാൽ താങ്കൾ പതിനേഴാം വയസ്സിൽ അഭിനയിച്ച ഒരു സിനിമയിൽ അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചിട്ടുണ്ടല്ലോയെന്ന അവതാരകയുടെ ചോദ്യത്തിന് അന്നത് കുഴപ്പമില്ലായിരുന്നുവെന്നും ഇന്നത്തെ സാഹചര്യം അങ്ങനെയല്ലന്നുമാണ് നടൻ നൽകിയ ഉത്തരം. നമ്മുടെ പെൺകുട്ടികളെയും സഹോദരിയെയും ഭാര്യയെയും അമ്മയെയും ഒന്നും ചിലർ നോക്കുന്ന രീതി തനിക്ക് ഇഷ്ടമല്ലെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു. നടി ശ്വേത തിവാരിയുടെ മകളായ പലക് തിവാരിയാണ് സൽമാന്റെ സെറ്റിൽ സ്ത്രീകൾക്ക് ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രം ധരിക്കാൻ അനുവാദമില്ലെന്ന കാര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ സംസാരിച്ചത്.
എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് സൽമാന് നിർബന്ധമുണ്ടെന്ന് പലക് പറഞ്ഞിരുന്നു. 'സൽമാൻ ഖാൻ പാരമ്പര്യത്തെ മുറുകിപ്പിടിക്കുന്ന വ്യക്തിയാണ്. ശരിയാണ് ആർക്ക് എന്ത് വേണമെങ്കിലും ധരിക്കാം. പക്ഷേ തന്റെ സെറ്റിലെ പെൺകുട്ടികൾ സംരക്ഷിക്കപ്പെടണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ്. പ്രത്യേകിച്ച് അപരിചിതരായ പുരുഷന്മാർ സെറ്റിലുണ്ടാകുമ്പോൾ'-എന്നായിരുന്നു പലക് പറഞ്ഞത്. ഇതിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നവെന്ന് നടി അഭിപ്രായപ്പെട്ടു. ഏതെങ്കിലും തരത്തിൽ എന്നും വാർത്തകളിൽ ഇടം പിടിക്കുന്ന ബോളിവുഡിലെ നായകനാണ് സൽമാൻ ഖാൻ.
ദിവസങ്ങൾക്കു മുന്നേ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും എന്നാൽ അച്ഛനാകാൻ ആഗ്രഹമുണ്ടെന്നും നടൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. കരൺ ജോഹർ വാടക ഗർഭധാരണത്തിലൂടെ അച്ഛനായത് പോലെ ആകാനായിരുന്നു താൽപര്യമെന്നും എന്നാൽ ഇന്ത്യയിലെ നിയമമാണ് അതിന് തടസ്സമെന്നും നടൻ അഭിപ്രായപ്പെട്ടു. അതേസമയം സൽമാൻ ഖാൻ നായകനാകുന്ന 'കിസി കാ ഭായി കിസി കി ജാൻ' എന്ന ചിത്രം തീയേറ്ററുകളിൽ എത്തി. ഫർഹാദ് സംജി സംവിധാനം ചെയ്ത സിനിമയിൽ സൽമാൻ ഖാന്റെ നായികയായി എത്തിയത് പൂജ ഹെഗ്ഡേയാണ്. വെങ്കടേഷ്, ജഗപതി ബാബു തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...