ചെന്നൈ : മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കിയതായി റിപ്പോർട്ട്. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. ചിത്രം ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്. ചിത്രം ഈ വർഷം സെപ്റ്റംബർ 30ന് തിയേറ്ററിൽ റിലീസ് ചെയ്യും.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്.
വിക്രം, കാർത്തി, ഐശ്വര്യ റായി ബച്ചൻ, തൃഷ, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മണിരത്നത്തിന്റെ തന്നെ മഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.
പത്താം നൂറ്റാണ്ടിൽ , ചോഴ ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...