മലയാള സിനിമയിലെ ആദ്യ നായിക പികെ റോസിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ. രാജമ്മ എന്നായിരുന്നു പികെ റോസിയുടെ യഥാർത്ഥ പേര്. 1903-ൽ തിരുവനന്തപുരത്ത് ജനിച്ചു. മലയാളം ക്ലാസിക് വിഗതകുമാരനിൽ (ദി ലോസ്റ്റ് ചൈൽഡ്) നായികയായി വേഷമിട്ട് അവർ ചരിത്രം രചിക്കുകയായിരുന്നു. മലയാളസിനിമയ്ക്കും പൊതുസമൂഹത്തിനും അവർ നൽകിയ സംഭാവനകൾ വലുതായിരുന്നു. "നിങ്ങളുടെ ധൈര്യത്തിനും നിങ്ങൾ ബാക്കിവച്ച പൈതൃകത്തിനും നന്ദി, പികെ റോസി," ഗൂഗിൾ എഴുതി.
ആരായിരുന്നു പി കെ റോസി?
പൗലോസിന്റെയും കുഞ്ഞിയുടെയും മകളായാണ് പി കെ റോസി ജനിച്ചത്. പിതാവിന്റെ പെട്ടെന്നുള്ള മരണം കുടുംബത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. പുല്ലുവെട്ടുന്നവളായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവൾ കഷ്ടപ്പാടുകൾ അനുഭവിച്ചു. പെർഫോമൻസ് ആർട്സിലുള്ള റോസിയുടെ അഗാധമായ താൽപര്യം തിരിച്ചറിഞ്ഞ് അമ്മാവനാണ് സംഗീതത്തിനും അഭിനയത്തിനും അവളെ പരിശീലിപ്പിക്കാൻ ആരംഭിച്ചത്. ഇതിനായി ഒരു അധ്യാപികയെ കണ്ടെത്തി. നൃത്തത്തിന്റെ ക്ലാസിക്കൽ രൂപങ്ങളും തമിഴ് നാടോടി നാടകവും അവർ പഠിച്ചു.
ALSO READ: Lata Mangeshkar: ഇന്ത്യയുടെ വാനമ്പാടി; ലതാ മങ്കേഷ്കർ വിടപറഞ്ഞിട്ട് ഒരു വർഷം
ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിൽ നിന്നാണ് റോസി എന്ന പേര് മാറ്റിയതെന്ന് പറയപ്പെടുന്നു. രാജമ്മ എന്ന പേര് റോസമ്മ എന്നാക്കി മാറ്റി. റോസിയുടെ അമ്മ ഹിന്ദു മതത്തിൽ തന്നെയാണ് വിശ്വസിച്ചിരുന്നത്. 1928-ൽ, ജെ.സി. ഡാനിയൽ തന്റെ സിനിമയിലേക്ക് ഒരു നായികയെ അന്വേഷിച്ചപ്പോൾ, അക്കാലത്ത് പൊതുവേ സ്ത്രീകൾ അഭിനയത്തിന് തയ്യാറാകാതിരുന്നപ്പോൾ പികെ റോസി നായികയാകാൻ തയ്യാറായി. കേരളത്തിലെ നായർ സമുദായത്തിൽ നിന്നുള്ള സരോജിനി എന്ന സ്ത്രീയുടെ കഥാപാത്രമാണ് അവർ അവതരിപ്പിച്ചത്. റോസി ഒരു ദളിത് ആയിരുന്നു. ദളിത് ആയ റോസി നായർ സ്ത്രീയായി അഭിനയിച്ചതിനെതിരെ നായർ സമുദായം പ്രതിഷേധിച്ചു.
സിനിമയിൽ നായകൻ അവളുടെ മുടിയിലെ പൂവിൽ ചുംബിക്കുന്ന ദൃശ്യം ഉണ്ട്. ഈ ദൃശ്യം കണ്ടതോടെ ചിത്രത്തിനെതിരെ ആളുകൾ സിനിമാ തിയേറ്ററിനുള്ളിൽ പ്രതിഷേധിച്ചു. അവളുടെ വീടും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. കേരളം വിട്ട് ഒരു ട്രക്കിൽ അവർ തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. ലോറി ഡ്രൈവറായ കേശവൻ പിള്ളയുടെ ഭാര്യയായി തമിഴ്നാട്ടിൽ അവൾ പിന്നീടുള്ള ജീവിതം ജീവിച്ചു. അവളുടെ താരപരിവേഷത്തെക്കുറിച്ച് മക്കൾക്ക് ഒന്നും അറിയില്ലായിരുന്നു. 1960-ൽ ചെങ്ങളാട്ട് ഗോപാലകൃഷ്ണൻ റോസിയുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ച് ഒരു ലേഖനം എഴുതി. 2013 ൽ ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി സെല്ലുലോയ്ഡ് എന്ന സിനിമയും പുറത്തിറങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...