അമ്മയുടെ പാട്ടുകൾ കോർത്തിണക്കി അന്തരിച്ച രാധിക തിലകിന്റെ മകൾ ദേവിക സുരേഷ്. അമ്മയ്ക്കുള്ള സ്നേഹാദരമായാണ് ദേവിക ഈ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഒപ്പം കീബോർഡിൽ ഈണമിട്ട് പ്രശസ്ത ഗായിക ശ്വേതാ മോഹനും.
അകാലത്തിൽ മരണമടഞ്ഞ അമ്മ രാധിക തിലകിന്റെ ഓർമകളുണർത്തുന്നതാണ് ദേവികയുടെ പാട്ട്. ഈ പാട്ടൊരുക്കാൻ എല്ലാ സഹായവും നൽകിയ സുജാത മോഹനും, ശ്വേതാ മോഹനും തന്റെ സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് ദേവിക പാട്ട് പുറത്തിറക്കിയത്.
'എന്നും എന്നോടൊപ്പമുള്ള അമ്മയ്ക്കുള്ള സ്നേഹാദരമാണിത്. അമ്മയുടെ മൂന്ന് ജനപ്രിയ ഗാനങ്ങൾ ഞാൻ പുനരവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ കീബോർഡിൽ മാന്ത്രിക ഈണവുമായി ശ്വേത ചേച്ചി ഒപ്പം ചേർന്നു. കുറച്ചു കാലമായി ഇത്തരത്തിൽ വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു പക്ഷേ സംഗീതത്തിൽ ശരിയായ പരിശീലനം ലഭിക്കാത്തതിനാൽ ഞാൻ ഇതിൽ നിന്നും സ്വയം മാറിനിൽക്കുകയായിരുന്നുവെന്നും. ഒരു മികച്ച ഗായികയാണെന്ന് ഞാൻ കരുതുന്നില്ലയെന്നും എങ്കിലും ഇതെന്റെ അമ്മയ്ക്കുവേണ്ടി' എന്നായിരുന്നു പാട്ട് പങ്കുവെച്ചുകൊണ്ട് ദേവിക കുറിച്ചത്.
വീഡിയോ ആരംഭിക്കുന്നത് ദേവിക ഫോണിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നോക്കിനിൽക്കുന്ന ദൃശ്യത്തോടെയാണ്. ആദ്യം ദേവിക ആലപിച്ചത് 'മായമഞ്ചലിൽ' എന്ന ഗാനമാണ് അതുകഴിഞ്ഞ് 'കനാനക്കുയിലേ' എന്ന ഗാനവും ദേവിക പാടി. പാട്ടിന്റെ ഇടയ്ക്ക് 'മറക്കില്ല നിന്നെ എന്ന ഭാഗമെത്തിയപ്പോൾ വികാരാധീനയാകുന്ന ദേവികയേയും നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. അത് പ്രേക്ഷകർക്കും ഒരു നൊമ്പരക്കാഴ്ചയായി.
ശേഷം ഗുരു എന്ന ചിത്രത്തിന് വേണ്ടി രാധിക പാടിയ 'ദേവസംഗീതം നീയല്ലേ' എന്ന ഗാനം പാടിയാണ് ദേവിക അവസാനിപ്പിക്കുന്നത്. ശ്വേത മോഹന്റെ യുട്യൂബ് ചാനൽ വഴിയാണ് പാട്ട് പുരത്തിറക്കിയിരിക്കുന്നത്. ഈ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ഇപ്പോൾ ഉള്ളത്. അമ്മയെപ്പോലെ നല്ലൊരു ഗായികയാകുമെന്നും സംഗീത ലോകത്ത് സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആസ്വാദകർ കുറിച്ചിട്ടുണ്ട്.
ക്യാൻസർ രോഗബാധയെ തുടർന്ന് 2015 സെപ്റ്റംബർ 20 നാണ് ഗായിക അന്തരിച്ചത്. അധികം പാട്ടുകളൊന്നും പാടിയിട്ടില്ലയെങ്കിലും പാടിയാതൊക്കെ ഇന്നും അനശ്വരങ്ങളായി നിലനിൽക്കുകയാണ്. കന്മദത്തിൽ രാധിക പാടിയ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന ഗാനം കൊച്ചുകുട്ടികൾക്ക് വളരെ ഇഷ്ടമാണ്. അതുപോലെ എത്രയെത്ര ഗാനങ്ങൾ.