Malayankunju Movie OTT Release Update : ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മലയൻകുഞ്ഞ് ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോസിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. നേരത്തെ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂലൈ 22 മുതൽ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സജിമോനാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന് കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്.
the wait ends! the most thrilling story just dropped
#MalayankunjuOnPrime, watch now https://t.co/KQesDCdo0K pic.twitter.com/ZZOy3xQ8zO— prime video IN (@PrimeVideoIN) August 10, 2022
പ്രകൃതി ദുരന്തവും, തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് എആർ റഹ്മാനാണ് എന്നുള്ളതാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം. ചിത്രത്തിൻറെ സംവിധായകൻ സജി മോൻ ഇതിന് മുമ്പ് മഹേഷ് നാരായണന്, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ മാലിക്കിന് ശേഷം റിലീസ് ചെയ്യുന്ന ഫഹദ് ഫാസിലിന്റെ മലയാള ചിത്രമാണ് മലയൻകുഞ്ഞ്. ഇതിനിടയിൽ അല്ലു അർജുൻ നായകനായ തെലുഗു ചിത്രം പുഷ്പയിലും കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വിക്രമിലും ഫഹദ് അഭിനയിച്ചിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. മഹേഷ് നാരായണൻ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം എന്ന പ്രത്യേകത കൂടി മലയൻ കുഞ്ഞിനുണ്ട്. ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ഫാസിലാണ്. ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ രജിഷ വിജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിന്റെ അരങ്ങേറ്റചിത്രമായ 'കൈയെത്തും ദൂരത്തി'ന്റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഫഹദ് ഫാസിലിനു പരിക്കേറ്റിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.