ബെംഗളൂരു: കെജിഎഫിന്റെ ആദ്യ ഭാഗത്തിന്റെയും നാളെ റിലീസ് ചെയ്യുന്ന കെജിഎഫ് ചാപ്റ്റർ 2ന്റെയും അണിയറപ്രവർത്തകരിൽ വളരെ കുറച്ച് പേരിൽ മാത്രമെ മാറ്റമുണ്ടായിരിക്കുന്നത്. അതിൽ പ്രധാനമായ ഒന്നാണ് സിനിമയുടെ ആദ്യം ഭാഗത്തിന്റെ കഥ വിവരിക്കുന്ന ആനന്ദ് നാഗിന്റെ കഥാപാത്രം രണ്ടാം ഭാഗത്ത് ഉണ്ടാകില്ലെന്നുള്ള റിപ്പോർട്ട്. രണ്ടാമത്തേതാണ് ചിത്രത്തിന്റെ എഡിറ്ററായ ശ്രീകാന്ത് ഗൗഡയ്ക്ക് പകരം ഉജ്ജ്വൽ കുൽക്കർണി എന്ന നവാഗതനെ അണിയറ പ്രവർത്തകരുടെ പട്ടികയിൽ എത്തുന്നത്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിനിടെ ചിത്രത്തിലെ നായകനായ യഷാണ് ഉജ്ജ്വലിന്റെ പേര് പരാമർശിക്കുന്നത്. ശ്രീകാന്തിനെ പോലെ കന്നട ഇൻഡസ്ട്രിയിൽ പ്രമുഖനായ എഡിറ്റർക്ക് പകരമാണ് 19കാരനായ ഉജ്ജ്വലിന് ബ്രഹ്മാണ്ഡ ചിത്രം എഡിറ്റ് ചെയ്യാനുള്ള ചുമതല സംവിധായകൻ ഏൽപ്പിക്കുന്നത്.
കെജിഎഫിന്റെ ആദ്യ ഭാഗം ആരുടെയും ക്ഷമ പരീക്ഷിക്കാതെ കൃത്യമായി പ്രേക്ഷകരിലേക്കെത്തിച്ചതിന് പ്രധാന പങ്ക് ശ്രീകാന്ത് എന്ന എഡിറ്റർക്കുമുണ്ട്. അങ്ങനെയിരിക്കെയാണ് 100 കോടി ബജറ്റ് വരുന്നതും ഒരു ബ്രാൻഡും കൂടിയായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ എഡിറ്റിങ് ജോലി സംവിധായകൻ പ്രശാന്ത് നീൽ ഈ 19കാരന് ചമുതലയായി നൽകിയത്.
കെജിഎഫിന്റെ ആദ്യ ഭാഗം ഇറങ്ങിയതിന് ശേഷം അതിന്റെ ദൃശ്യങ്ങൾ എല്ലാം ചേർത്ത് ഉജ്ജ്വൽ നിർമിച്ച ഒരു ഫാൻ വീഡിയോയിലൂടെയാണ് കെജിഎഫ് 2ന്റെ എഡിറ്റിങ് ടേബിൾ നിയന്ത്രിക്കാൻ 19കാരന് വഴി തെളിയുന്നത്. ഉജ്ജ്വൽ നിർമിച്ച വീഡിയോ കണ്ട സംവിധായകൻ പ്രശാന്ത് നീൽ ഉജ്ജ്വലിനെ ചിത്രത്തിന്റെ എഡിറ്റിങ് ടീമിനൊപ്പം ചേർക്കുകയായിരുന്നു. മൂന്ന വർഷം പ്രശാന്ത് ഉജ്ജ്വലിന് എഡിറ്റിങിൽ പരിശീലനവും നൽകി. കെജിഎഫ് 2ന്റെ ടീസറും ട്രെയിലറും മറ്റ് പ്രൊമോഷൻ വീഡിയോകളുമെല്ലാം ഉജ്ജ്വലിന്റെ നേതൃത്വത്തിലാണ് നിർമിച്ചിരിക്കുന്നത്.
ALSO READ : KGF 2 First Review : സസ്പെൻസും ത്രില്ലറുമായി ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്; കെജിഎഫ് 2ന്റെ ആദ്യ റിവ്യു പുറത്ത്
ആദ്യ ഭാഗത്തിന് ക്യാമറ ചലിപ്പിച്ച ഭുവൻ ഗൗഡയാണ് കെജിഎഫ് 2ന്റെയും ഛായഗ്രഹകൻ. രവി ബസ്രൂർ തന്നെയാണ് ഇരുഭാഗങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആഗോളത്തലത്തിൽ 10,000ത്തിൽ അധികം സ്ക്രീനുകളിലാണ് ചിത്രം ആദ്യ ദിനത്തിൽ പ്രദർശിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.