കിടിലൻ ലുക്ക്, വ്യത്യസ്തമായ ശബ്ദവും സംഭാഷണ രീതിയും! അങ്ങനെ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് ജിനു ജോസഫ് (Jinu Joseph) . അഭിനയിച്ചതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളെങ്കിലും, മനസ്സിലേക്കിറങ്ങിവരുന്ന നല്ല കഥാപാത്രങ്ങളേയും ജിനു ജോസഫ് വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. അഷ്റഫ് ഹംസ (Ashraf Hamza) സംവിധാനം ചെയ്ത 'ഭീമന്റെ വഴി'യിൽ (Bheemante Vazhi) തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജിനു ജോസഫ് അവതരിപ്പിക്കുന്നത്.
ജിനു ജോസഫിനെ പോലെ ഒരാൾക്ക് തമാശ വഴങ്ങുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും 'ഭീമന്റെ വഴി'യിലെ കൊസ്തേപ്പ് എന്ന് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലർ. 'ഭീമന്റെ വഴി' (Bheemante Vazhi) പുറത്തിറങ്ങുന്ന പശ്ചാത്തലത്തിൽ സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെ കുറിച്ചും, വില്ലൻ വേഷങ്ങളെ കുറിച്ചും, കൊസ്തേപ്പിനെ കുറിച്ചും എല്ലാം അദ്ദേഹം വിശദമാക്കുന്നുണ്ട്. അഭിമുഖം വായിക്കാം.
കേരളത്തിലെ സൂപ്പർ താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് ജിനു ജോസഫ്. ആദ്യ സിനിമ തന്നെ മമ്മൂട്ടിയ്ക്കൊപ്പം. ഒടുവിലിപ്പോൾ ഭീമന്റെ വഴിയിൽ എത്തി നിൽക്കുന്നു. എങ്ങനെയാണ് ഭീമന്റെ വഴിയിലേക്ക് എത്തിപ്പെട്ടത്?
സുഹൃത്തുക്കൾ തന്നെയാണ് ഭീമന്റെ അണിയറപ്രവർത്തകർ. സിനിമയുടെ റൈറ്റർ ആയ ചെമ്പൻ വിനോദ് സുഹൃത്താണ്, സംവിധായകൻ അഷ്റഫ് ഹംസയും സുഹൃത്താണ്. അവർ ഇരുന്ന് തീരുമാനിച്ചതാണ് ഈ റോൾ എന്നെക്കൊണ്ട് ചെയ്യിപ്പിക്കാമെന്നത്. അക്കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ ചാടി വീഴുകയും ചെയ്തു.
സിനിമയുടെ ചർച്ച നടക്കുമ്പോൾ ചെറിയ ഒരു ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു വഴിത്തർക്കത്തിന്റെ കഥ എന്നേ ആദ്യം അറിയുമായിരുന്നുള്ളു. പിന്നെ പതിയെ പതിയെ കഥയുടെ ഒരു രൂപം കിട്ടി. അങ്ങനെയിരിക്കെയാണ് കൊസ്തേപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആവശ്യപ്പെടുന്നത്. ആ പേര് കേട്ടപ്പോൾ തന്നെ ഒരു രസം തോന്നി. ഊദാംപള്ളി കൊസ്തേപ്പ് എന്നാണ് കഥാപാത്രത്തിന്റെ പേര്.
പോസിറ്റീവ് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, മലയാളി മനസ്സുകളിൽ ജിനുവിന് ഒരു വില്ലൻ ഭാവം ഉള്ളതായി തോന്നുന്നു. അതിനെ എങ്ങനെ ആണ് കാണുന്നത്?
മിക്ക വേഷങ്ങളും വില്ലനായിരിക്കും. പോലീസ് ഓഫീസറാണെങ്കിലും പള്ളീലച്ചൻ ആണെങ്കിലും ഞാൻ വില്ലനായിരിക്കും എന്നതാണ് സ്ഥിതി. ഏത് വേഷം ആണ് ഇട്ടിരിക്കുന്നത് എന്നതിലൊന്നും ഒരു കാര്യവും ഇല്ല (ചിരിക്കുന്നു)!
വില്ലൻ കഥാപാത്രങ്ങൾ മാത്രം കിട്ടുന്നതിനെ എങ്ങനെയാണ് കാണുന്നത്?
അത് കലക്കനല്ലേ... ഉഗ്രൻ പരിപാടിയല്ലേ. എനിക്ക് ഭയങ്കര ഇഷ്ടമുള്ള പരിപാടിയാണ്. എനിക്ക് ഇത്തരം റോളുകൾ ചെയ്യാൻ നല്ല ഇഷ്ടമാണ്. എന്ത് റോളും കിട്ടിയാൽ ചെയ്യും. ഒരു ചലഞ്ച് അല്ലേ...
ചില സിനിമകളിൽ നമുക്ക് ഫയർ ആംസ് ഒക്കെ കിട്ടും. ശരിക്കുമുള്ള തോക്ക് വച്ചിട്ട്, ബ്ലാങ്ക് ബുള്ളറ്റ്സ് ഒക്കെ ഉപയോഗിച്ചാണല്ലോ സിനിമയുടെ ഷൂട്ടിങ് നടക്കാറുള്ളത്. റിയൽ ലൈഫിൽ അങ്ങനെയൊരു ചാൻസ് ഒന്നും ഒരിക്കലും കിട്ടുകയും ഇല്ല. അതിൽ ഒരു രസമുണ്ട്.
സിനിമ കാണുമ്പോൾ പലപ്പോഴും നമ്മൾ ആലോചിക്കില്ലേ, അങ്ങനെയൊക്കെ ചെയ്യാൻ പറ്റിയിരുന്നു എങ്കിൽ എന്ന്. അതിന്റെ ഒരു സാക്ഷാത്കാരത്തിന്റെ സാറ്റിസ്ഫാക്ഷൻ കൂടി ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കിട്ടാറുണ്ട് എന്നതാണ് സത്യം.
വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനെ കുറിച്ച് വീട്ടുകാരുടെ ഒരു സമീപനം എങ്ങനെയാണ്?
വീട്ടുകാർക്കൊന്നും അതിൽ ഒരു പ്രശ്നവും ഇല്ല. ഭാര്യ ഇപ്പോൾ ഫിലിം മേക്കിങ് പഠിച്ച് സംവിധാനത്തിലേക്ക് കടക്കാനിരിക്കുകയാണ്. എനിക്ക് വില്ലൻ വേഷങ്ങൾ മാത്രമേ കിട്ടുന്നുള്ളല്ലോ എന്ന് ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട്. പക്ഷേ, പുള്ളിക്കാരി അപ്പോഴും അതിനെ പോസിറ്റീവ് ആയിട്ടാണ് എടുക്കാറുള്ളത്. അത് നന്നായി ചെയ്യുന്നതുകൊണ്ടാണല്ലോ അത്തരം വേഷങ്ങൾ കിട്ടുന്നത് എന്നാണ് പുള്ളിക്കാരി പറയുന്നത്. ഇക്കാര്യത്തിൽ എന്നേക്കാൾ അണ്ടർ സ്റ്റാന്റിങ് ഉള്ളത് പുള്ളിക്കാരിക്കാണെന്ന് പറയേണ്ടി വരും.
ഇങ്ങനെയൊക്കെ ഇരിക്കുന്ന മനുഷ്യനാണ് കൊസ്തേപ്പ് എന്ന ഹ്യൂമർ നിറഞ്ഞ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്താണ് അതിനെ കുറിച്ച് പറയുന്നത്?
സംഗതി വ്യത്യസ്തമൊക്കെ ആണെങ്കിലും, നല്ല ടെൻഷൻ തോന്നുന്നുണ്ട്. കണ്ടുകഴിയുമ്പോൾ എല്ലാവരും സ്വീകരിക്കുമോ, സ്വീകരിക്കില്ലേ എന്നാണ് ടെൻഷൻ. കുറച്ച് കാശൊക്കെയുള്ള ഒരു നാട്ടുംപുറത്തുകാരൻ ആണ് കൊസ്തേപ്പ്. ഒരു നമ്പർ വൺ ഊള കൂടിയാണ് കൊസ്തേപ്പ്. രാവിലെ മുതൽ ആളുകളെ ചൊറിഞ്ഞ് നടക്കുന്ന, ആർക്കും ഗുണമില്ലാത്ത ഒരാൾ. എല്ലാ നട്ടിൻ പ്രദേശത്തും ഉണ്ടാകുമല്ലോ ഇങ്ങനെ ഒരാൾ.
Also Read: Ajith Kumar : "തല" യെന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് അജിത്ത്
ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി വലിയ പ്രിപ്പറേഷൻസ് ഒന്നും എടുത്തിരുന്നില്ല. ആകെ ഒരു ലുങ്കി മാത്രമേ വേഷമായിട്ട് ധരിക്കാനുള്ളു. കഥാപാത്രത്തിന് വേണ്ടി ചെറുതായി ഒന്ന് തടിച്ചു എന്ന് മാത്രം. രാവിലെ മുതൽ രണ്ട് സ്മോൾ ഒക്കെ അടിച്ചിരിക്കുന്ന ആളാണ് കൊസ്തേപ്പ്. അപ്പോൾ നമ്മൾ ഭയങ്കര ബോഡി ഷേപ്പ് ഒക്കെ ആയി വന്നാൽ അത് ബോർ ആകും. ലുങ്കി മാത്രം ഉടുത്തുകൊണ്ട് അഭിനയിക്കുമ്പോൾ, വേറെ ഇൻഹിബിഷൻസ് ഒന്നും തന്നെ ഇല്ല . വേറെ ഒന്നും തന്നെ ഒളിക്കാനായിട്ടില്ല (വീണ്ടും ചിരിക്കുന്നു). മീശ മാത്രം അൽപം നരപ്പിച്ചിട്ടുണ്ട്!
വില്ലനിൽ നിന്ന് കൊമഡി കഥാപാത്രത്തിലേക്ക് വന്നപ്പോൾ എന്തെങ്കിലും ആശങ്ക തോന്നിയോ?
തീർച്ചയായും. എനിക്കൊരു കൺസേൺ ഉണ്ട്. കൊമഡി ആണല്ലോ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടായിട്ടുള്ളത്. ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് വലിയ കാര്യമാണ്. ആക്ഷൻ രംഗങ്ങളൊക്കെ കോമഡിയെ വച്ച് നോക്കുമ്പോൾ കുറച്ച് കൂടി എളുപ്പമാണെന്ന് പറയാം. എന്തായാലും ഫുൾ എഫർട്ടോടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ട്രൈ ചെയ്തിട്ടുണ്ട്. എല്ലാ തരം കഥാപാത്രങ്ങളും ചെയ്യാൻ പറ്റണം എന്നാണ് ഒരു ആഗ്രഹം. അതുകൊണ്ട് തന്നെ ടോട്ടലി ഓപ്പോസിറ്റ് ആയിട്ടുള്ള ഇത്തരത്തിലുള്ള റോൾ വരുമ്പോൾ വലിയ സന്തോഷമാണ്. നമ്മളിലുള്ള വിശ്വാസം കൊണ്ടാണല്ലോ അങ്ങനെ വ്യത്യസ്തമായ ഒരു റോൾ നമുക്ക് തരുന്നത്. അതുകൊണ്ട് തന്നെ അങ്ങേയറ്റത്തെ ആത്മാർത്ഥതയാണ് തിരിച്ചും കൊടുക്കുന്നത്.
അത്രയധികം കഥാപാത്രങ്ങളുണ്ട് 'ഭീമന്റെ വഴി'യിൽ . എല്ലാവരും ഒന്നിനൊന്ന് മെച്ചം. ചുറ്റിനും, നമുക്കിങ്ങനെ എല്ലാവരേയും നോക്കി പഠിച്ചുകൊണ്ടിരിക്കാം. ഉഗ്രൻ അറ്റ്മോസ്ഫിയർ ആയിരുന്നു.
സിനിമയിൽ എത്തുന്നതിന് മുമ്പുള്ള ജീവിതം? ബിസിനസിൽ സിനിമ പ്രതിഫലിച്ചിട്ടുണ്ടോ?
കുറച്ച് ബിസിനസ്, കുറച്ച് റിയൽ എസ്റ്റേറ്റ്, കുറച്ച് നാൾ ഒരു അഡൈ്വർടൈസിങ് ഏജൻസിയിൽ ജോലി ചെയ്തു. കുറച്ച് കാലും ദുബായിൽ ഉണ്ടായിരുന്നു, ഒരു അഞ്ച് വർഷം പൂനെയിലും ഉണ്ടായിരുന്നു.
കൊവിഡ് കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ , ഞാനും വൈഫും കൂടി ഒരു വർഷം ന്യൂയോർക്കിൽ ആയിരുന്നു. ആ സമയത്ത് ദുബായിലെ ബിസിനസ് അവസാനിപ്പിച്ചിരുന്നു. പിന്നെ കൊച്ചിയിൽ കുറച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ട്. എന്തായാലും സിനിമ ബിസിനസിനെയോ, ബിസിനസ് സിനിമയേയോ സ്വാധീനിച്ചിട്ടില്ല. നമ്മൾ സെലിബ്രിറ്റി ആണെങ്കിലും അല്ലെങ്കിലും ബിസിനസിൽ ഒരു സ്ക്രൂട്നി നടക്കും. എന്നെ സംബന്ധിച്ച് സിനിമയും ബിസിനസും തമ്മിൽ വലിയ കണക്ഷൻ ഒന്നും ഇല്ല.
സിനിമയിൽ വരുന്നതിന് മുമ്പുള്ള സിനിമ ബന്ധം?
സിനിമയിൽ വരുന്നതിന് മുമ്പേ വിനായകനുമായി പരിചയമുണ്ട്. ഒരുമിച്ച് ഫുട്ബോൾ കളിച്ചിരുന്ന ആളുകളാണ് ഞങ്ങൾ. പിന്നെ ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്തും വിനായകൻ അവിടെ ഇടയ്ക്ക് വരാറുണ്ടായിരുന്നു. ഞങ്ങളൊക്കെ എറണാകുളംകാരല്ലേ...! കൊച്ചിയിലുള്ള കുറേ പേർ... എന്റെ പ്രായത്തിലുള്ള, പല ഫീൽഡിലുള്ള ആളുകളുമായി അത്തരത്തിൽ ഒരു കണക്ഷനുണ്ട്. വിനായകനുമായിട്ടുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു ശരിക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. അന്ന് വിനായകനൊപ്പമുണ്ടായിരുന്നത് അമൽ നീരദ് ആയിരുന്നു എന്ന് അറിയില്ലായിരുന്നു. അങ്ങനെയാണ് ബിഗ് ബി എന്ന സിനിമയിലേക്കുള്ള വിളി വന്നത്.
ഭീമന്റെ വഴിയുടെ ചിത്രീകരണത്തെ കുറിച്ചുള്ള ഓർമകൾ?
അങ്ങനെ ചോദിക്കുമ്പോൾ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. ഞങ്ങളെല്ലാവരും പല്ലശ്ശനയിലെ ഒരു ആയുർവേദിക് റിസോർട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു. എല്ലാ ദിവസവും വൈകുന്നേരും എല്ലാവരും ഒരുമിച്ച് കൂടും, കുക്കിങ്ങും ഒക്കെയായി നല്ല രസമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ പിരിഞ്ഞുപോകാൻ എല്ലാവർക്കും വലിയ വിഷമമായിരുന്നു.
ചാക്കോച്ചനുമായിട്ടുള്ള സിങ്ക് എങ്ങനെയാണ്...?
ചാക്കോച്ചനൊപ്പമുള്ള (Kunchacko Boban) മൂന്നാമത്തെ സിനിമയാണ് ഭീമന്റെ വഴി. അഞ്ചാം പാതിരയും വൈറസും ആണ് മറ്റ് സിനിമകൾ. അതിൽ വൈറസിൽ കോംബിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. അഞ്ചാം പാതിരയിൽ ഒരുപാട് സീനുകളിൽ ഒരുമിച്ചുണ്ടായിരുന്നു. പുള്ളി ഒരു സീസൺഡ്, സീനിയർ ആക്ടർ അല്ലേ. സിംപിളായിട്ടാണ് അദ്ദേഹം ഡീൽ ചെയ്യുന്നത്.
പുതിയ പ്രൊജക്ടുകൾ?
മമ്മൂക്കയ്ക്കൊപ്പമുള്ള ഭീഷ്മ പർവ്വം ആണ് വരാനിരിക്കുന്ന അടുത്ത സിനിമ. മൈക്ക് എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്യുന്നുണ്ട്. ജോൺ എബ്രഹാം പ്രൊഡക്ഷൻസിന്റെ സിനിമയാണിത്. വേറേയും ചില ഡിസ്കഷനുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. മറ്റ് ഭാഷകളിൽ നിന്നൊക്കെ ചില അവസരങ്ങൾ വരാറുണ്ട്. മലയാളം ഒന്ന് കറക്ടായിട്ട് പിടിച്ചുകഴിഞ്ഞ് നോക്കാമെന്നാണ് വിചാരിക്കുന്നത് (ചിരി).