അൽഫോൻസ് പുത്രന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഗോൾഡിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വിവിധ ഭാവങ്ങളിൽ നിൽക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിൻറെ പുതിയ പോസ്റ്ററിൽ ഉള്ളത്. കൂടാതെ റിപ്പോർട്ടുകൾ അനുസരിച്ച് ആമസോൺ പ്രൈം വീഡിയോസാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 8 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നിവിൻ പോളിയുടെ പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗോൾഡ്.
ചിത്രത്തിൻറെ തമിഴ്നാട്ടിലെ തിയേറ്റർ അവകാശങ്ങൾ എസ് എസ് ഐ പ്രൊഡക്ഷന്‍സ് നേടിയിരുന്നു. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിൻറെ തമിഴ്‌നാട്ടിലെ വിതരണാവകാശങ്ങൾ വിറ്റ് പോയത്. ഫില്‍മിബീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 1.25 കോടി രൂപയാണ് ചിത്രം തമിഴ്‌നാട്ടിലെ വിതരണാവകാശത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. അൽഫോൺസ് പുത്രന്റെ രണ്ടാമത്തെ ചിത്രം പ്രേമത്തിന് തമിഴ്‌നാട്ടിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഇതാണ് ഗോൾഡ് വൻ തുകയ്ക്ക് വിറ്റ് പോകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൻറെ ടീസർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തിന് ട്രെയിലർ ഉണ്ടാകില്ലയെന്ന് സംവിധയകൻ അറിയിച്ചിരുന്നു. പകരം ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് പുറത്ത് വിടുമെന്ന് അൽഫോൺസ് പുത്രൻ അറിയിച്ചു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രത്തിന്റെ പേര് സുമംഗലി ഉണ്ണികൃഷ്ണൻ എന്നാണ്. 2021ൽ ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം നിഴലിന് ശേഷമെത്തുന്ന നയൻതാരയുടെ മലയാള ചിത്രമാണ് ഗോൾഡ്.
ഇരുവരെയും കൂടാതെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് എന്നിവരും ചിത്രം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.