സ്വിമ്മിങ് പൂളിലെ വെള്ളത്തിൽ ഉലക നായകൻ കമലഹാസന്റെ 50 അടി വലിപ്പമുള്ള ചിത്രം വരച്ച് കലാകാരൻ ഡാവിഞ്ചി സുരേഷ്. മൂന്നാറിലുള്ള വൈബ് റിസോർട്ടിൻറെ അഞ്ചാം നിലയിലുള്ള സ്വിമ്മിങ് പൂളിലാണ് സുരേഷ് ചിത്രം തീർത്തത്. നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിന്റെ എൺപത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രമാണ് ഇത്.
രണ്ടു ദിവസം സമയമെടുത്താണ് അൻപതടി നീളവും 30അടി വീതിയിലും ചിത്രം നിർമ്മിച്ചത്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിരങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഉലകനായകൻ കമലഹാസന്റെ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്.
കേരളത്തിലെ യൂട്യൂബേഴ്സിന്റെ ആദ്യ രജിസ്ട്രേഡ് സംഘടനയായ കണ്ടന്റ് ക്രിയേറ്റേഴ്സ് ഓഫ് കേരളയുടെ ഫാമിലി സംഗമവുമായി ബന്ധപ്പെട്ടായിരുന്നു പ്രതികൂല കാലാവസ്ഥയിലും ഡാവിഞ്ചി സുരേഷ് വെള്ളത്തിന് മുകളിൽ വലിയ ചിത്രം സാധ്യമാക്കിയത്.
തറയും പറമ്പും പാടവും സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയം ഫ്ലോറുമൊക്കെ ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ് എന്ന് സുരേഷ് പറഞ്ഞു. സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്ത്, രാകേഷ് പള്ളത്ത് സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു.
ഇത്രയും വലിയ ഒരു കലാസൃഷ്ടിയുടെ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കണ്ടന്റ് ക്രിയേറ്റേഴ്സ് ഓഫ് കേരള ചെയർമാൻ റോബിൻസ് പറഞ്ഞു. തങ്ങളുടെ റിസോർട്ട് വലിയൊരു കലാസൃഷ്ടിക്ക് ക്യാൻവാസാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വൈബ് റിസോർട്ട് ജിഎം വിമൽ റോയ്, എെജിഎം ബേസിൽ എന്നിവർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...