ഒരാഴ്ച കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 5. വഴക്കും ബഹളവുമായി ഓരോ ദിവസവും പിന്നിട്ടു കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. മിക്ക മത്സരാർത്ഥികളും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിലർ ഇപ്പോഴും ഗെയിമിലേക്ക് പൂർണമായും എത്തിയിട്ടില്ലെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു ബിഗ് ബോസ് കണ്ടസ്റ്റന്റ് ആണ് അഖിൽ മാരാർ. ഈ ഷോയിൽ വരും മുൻപ് തന്നെ സോഷ്യൽ മീഡിയക്ക് സുപരിചിതനാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. വിവാദ പ്രസ്താവനകളൊക്കെയായി പലപ്പോഴും അഖിൽ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
എന്തിനേറെ പറയണം, ബിഗ് ബോസ് ഷോയെ കുറിച്ച് പോലും മോശമായി അഖിൽ മാരാർ പറഞ്ഞിട്ടുണ്ട്. ഇത്രയും പുച്ഛമുള്ള ഒരു പരിപാടി വേറെയില്ലെന്നായിരുന്നു അഖിലിന്റെ പ്രസ്താവന. 5 മിനിറ്റ് പോലും പരിപാടി കണ്ടിട്ടില്ലെന്നും ഒരു അഭിമുഖത്തിലോ മറ്റോ അഖിൽ പറഞ്ഞിരുന്നു. അതേസമയം അഖിൽ സീസൺ 5ൽ കയറിയതോടെ ഈ പരാമർശങ്ങൾ വൈറലായിരുന്നു.
ക്യാമറയ്ക്ക് മുൻപിൽ വന്ന് പറഞ്ഞ ബിഗ് ബോസ് പരിപാടിയെ കുറിച്ചുള്ള അഖിലിന്റെ ഇപ്പോഴത്തെ നിലപാടാണ് വൈറലാകുന്നത്. ബാത്ത്റൂം ഏരിയയിലെ ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് അഖിൽ മാരാർ തന്റെ അഭിപ്രായം പറയുന്നത്.
'ഞാനാരിക്കലും മത്സരിച്ച് പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. നേര്‍ക്കുനേര്‍ മത്സരിച്ചാല്‍ ഇവിടെ ആര്‍ക്കുമെന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്ന് തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. പക്ഷേ എന്നെ ചതിച്ച് തോല്‍പ്പിക്കാം. വളരെ എളുപ്പമാണ്. ഞാന്‍ ആരെയും ചതിക്കാന്‍ പോകാത്തതുകൊണ്ട് എന്നെ ചതിക്കാന്‍ വളരെ ഈസിയാണ്. അങ്ങനെ പരാജയപ്പെട്ടേക്കാം. ബേസിക്കലി ഈ ഷോ കാണാത്തതുകൊണ്ട് തന്നെ ഞാന്‍ വളരെ നെഗറ്റീവ് ആയിട്ട് പറഞ്ഞുകൊണ്ട് നടന്ന ആളാണ്,'
'മറ്റുള്ളവര്‍ എന്നെക്കുറിച്ച് ചിന്തിച്ചതുപോലെ ഞാനും ബിഗ് ബോസിനെ കുറിച്ച് നെഗറ്റീവ് പറഞ്ഞ് നടന്ന ഒരാളാണ്. എന്നാൽ ഇവിടെ വരുമ്പോള്‍ ഇതല്ല എന്ന് മനസിലാവുന്നുണ്ട്. ഇതിന്‍റെ പിന്നിലുള്ള പ്രയത്നം. എനിക്ക് ഭയങ്കര അത്ഭുതകരമായിട്ട് തോന്നിയ ഒരു കാര്യമാണ്. ഇതൊന്നും അത്ര നിസ്സാര പരിപാടിയൊന്നും അല്ല. നിങ്ങളാരും പുറത്ത് സംസാരിക്കുന്നതോ ചര്‍ച്ച ചെയ്യുന്നതോ ഒന്നുമല്ല ഈ പരിപാടി,'
ഇതൊരു അതിഗംഭീര പ്ലാനിംഗ് ആണെന്നും ആർക്കും മനസിൽ പോലും ചിന്തിക്കാന്‍ പറ്റാത്തത്ര ഗംഭീര പരിപാടിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും അഖിൽ പറഞ്ഞു. താന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ പിന്തുണയ്ക്കണം. അല്ലെങ്കില്‍ മറ്റ് മികച്ച മത്സരാര്‍ഥികളെ പിന്തുണയ്ക്കണം,' എന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്. അതിനിടെ അവിടേയ്ക്ക് വരുന്ന ഗോപികയെ കാട്ടി അവരെയും പ്രേക്ഷകർ പിന്തുണയ്ക്കണമെന്നും അഖിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...