Bedi Brothers: ഐഡിഎസ്എഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്‌സിന്

IDSFFK Award 2024: രണ്ട് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ജൂലൈ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 19, 2024, 06:30 PM IST
  • ജൂലൈ 26ന് വൈകിട്ട് ആറ് മണിക്ക് കൈരളി തിയേറ്ററിൽ ഐഡിഎസ്എഫ്എഫ്കെ മേളയുടെ ഉദ്ഘാടനം നടക്കും
  • കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതൽ 31 വരെയാണ് ഐഡിഎസ്എഫ്എഫ്കെ സംഘടിപ്പിക്കുന്നത്
Bedi Brothers: ഐഡിഎസ്എഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്‌സിന്

പതിനാറാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോ‍ർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐഡിഎസ്എഫ്എഫ്കെ)യുടെ ഭാഗമായ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് ബേഡി ബ്രദേഴ്‌സിനെ (നരേഷ് ബേഡി, രാജേഷ് ബേഡി) തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. രണ്ട് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ജൂലൈ 26ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ഐഡിഎസ്എഫ്എഫ്കെ മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. നാല് പതിറ്റാണ്ടിലേറെയായി വന്യജീവികളുടെ ജീവിതം പകർത്തുന്ന ബേഡി ബ്രദേഴ്‌സിന്റെ ഡോക്യുമെന്ററികളും ഫോട്ടോഗ്രാഫുകളും ഇന്ത്യയുടെ പ്രകൃതിയെക്കുറിച്ചുള്ള പൊതുധാരണകൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

പ്രകൃതിസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും വിദ്യാഭ്യാസപരമായ സമീപനത്തിലൂടെയും വന്യജീവിതത്തെ സംബന്ധിച്ച ബോധവത്കരണം നടത്തുന്നവയാണ് ഇവരുടെ ചിത്രങ്ങൾ. 1969ൽ പുനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയതിന് ശേഷം ഇളയ സഹോദരനായ രാജേഷിനൊപ്പം അന്ന് അധികമാരും കടന്നു ചെന്നിട്ടില്ലാത്ത വൈൽഡ് ലൈഫ് ഫിലിം മേക്കിംഗ് രംഗത്തേക്കു കടന്നുചെല്ലുകയായിരുന്നു നരേഷ് ബേഡി.

മുതലകളുടെ അജ്ഞാതമായ പെരുമാറ്റ സവിശേഷതകൾ വെളിപ്പെടുത്തിയ ആദ്യ സംരംഭമായ 'ദ ഗാംഗസ് ഘറിയാൽ' അന്താരാഷ്ട്ര ശ്രദ്ധ നേടുകയും 1984ലെ വൈൽഡ് സ്‌ക്രീനിൽ പാണ്ട അവാർഡ് നേടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കടുവകൾ, ആനകൾ, മറ്റു വന്യജീവികൾ എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ അന്താരാഷ്ട്രതലത്തിലെ വിവിധ ടെലിവിഷൻ ശൃംഖലകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു. സേവിംഗ് ദ ടൈഗർ, മാൻ ഈറ്റിംഗ് ടൈഗേഴ്‌സ് എന്നിവ ബാഫ്ത അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.

രാജേഷ് ബേഡി പകർത്തിയ വന്യജീവി ഫോട്ടോകളുടെ സമാഹാരമായ 'ഇന്ത്യൻ വൈൽഡ് ലൈഫ്' 1987ൽ പ്രകാശനം ചെയ്യപ്പെട്ടു. നാഷനൽ ജ്യോഗ്രഫിക് മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1986ൽ ബ്രിട്ടനിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ആയി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ൽ പത്മശ്രീ, വൈൽഡ് ലൈഫ് ഏഷ്യാ ഫിലിം ഫെസ്റ്റിവലിൽ വെയ്ൽ അവാർഡ്, സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പൃഥ്വിരത്‌ന പുരസ്‌കാരം എന്നിവ ബേഡി ബ്രദേഴ്‌സിനെ തേടിയത്തെി.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന  രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ ബേഡി ബ്രദേഴ്‌സിന്റെ ചേസിംഗ് ഷാഡോസിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ, ലഡാക്ക്- ദ ഫോർബിഡൻ വിൽഡർനെസ്, സാധൂസ്- ലിവിംഗ് വിത്ത് ദ ഡെഡ് വൈൽഡ്, അഡ്വഞ്ചേഴ്‌സ് ഹോട്ട് എയർ ബലൂണിംഗ് വിത്ത് ബേഡി ബ്രദേഴ്‌സ്, മൊണാർക്ക് ഓഫ് ദ ഹിമാലയാസ്, കോർബറ്റ്‌സ് ലെഗസി,  ചെറൂബ് ഓഫ് മിസ്റ്റ് റെഡ് പാണ്ട എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News