സിനിമ വേണ്ടെന്ന് കളളം പറഞ്ഞു; കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടകസംഘത്തിൽ കയറിപ്പറ്റി :നടൻ ബിജു സോപാനം

സോപാനത്തിൽ നിന്ന് കിട്ടിയ അഭിനയത്തിൻ്റെ താളമാണ് ഇന്ന് സ്ക്രീനിൽ കാണുന്ന തൻ്റെ സ്വാഭാവികതയെന്നും  ബിജു സോപാനം പറഞ്ഞു

Written by - ആർ ബിനോയ് കൃഷ്ണൻ | Edited by - Akshaya PM | Last Updated : Nov 11, 2022, 01:46 PM IST
  • 'ഉപ്പും മുളകും' ആണ് പ്രേക്ഷകശദ്ധയിലേക്ക് കൊണ്ടുവന്നത്
  • നാടകം വിട്ട് പലരും സിനിമയിലേക്ക് ചേക്കേറുന്നത് ഉപജീവനത്തിനുളള വഴി തേടിയാണ്
  • ലോകമെമ്പാടും തിയേറ്ററിന് പ്രാധാന്യം നൽകുമ്പോൾ കേരളം അക്കാര്യത്തിൽ വളരെ പിന്നിലാണ്
സിനിമ വേണ്ടെന്ന് കളളം പറഞ്ഞു; കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടകസംഘത്തിൽ കയറിപ്പറ്റി :നടൻ ബിജു സോപാനം

"അങ്ങനെ പറഞ്ഞില്ലെങ്കിൽ അദ്ദേഹം എടുക്കില്ല. സത്യത്തിൽ സിനിമ മോഹിച്ചാണ് അവിടെയെത്തിയത്. എൻ്റെ ശല്യം സഹിക്കവയ്യാതെ നെടുമുടി വേണുവാണ് സോപാനത്തിൽ ചേരാൻ നിർദ്ദേശിച്ചത്. പക്ഷെ ആദ്യം ഞാൻ അഭിനയം പഠിക്കട്ടെ എന്നാണ് വേണുച്ചേട്ടനും കാവാലം സാറും ഉദ്ദേശിച്ചത്. സോപാനത്തിൻ്റെ ഭാഗമായപ്പോൾ കാത്തിരുന്നത് വലിയ അദ്ഭുതങ്ങളായിരുന്നു. നെടുമുടി, ഭരത് ഗോപി, തുടങ്ങിയവരൊക്കെ പയറ്റിത്തെളിഞ്ഞ കളരി. രംഗത്ത് അണിയുന്ന വേഷം രൂപകൽപ്പന ചെയ്തത് സംവിധായകൻ അരവിന്ദനാണ് എന്നറിഞ്ഞപ്പോൾ ഞെട്ടി. ക്ലാസ്സുകൾ എടുക്കാൻ വരുന്നത് ഗിരീഷ് കർണാടിനെയും അമോൽ പലേക്കറിനെയും പോലുളളവർ. പതിയെ ഞാൻ നാടകത്തിൽ സീരിയസ് ആയി. സിനിമയോടുളള താത്പര്യം കുറഞ്ഞുവന്നു-  ബിജു സോപാനം പറഞ്ഞു. 

file

സോപാനത്തിൽ നിന്ന് കിട്ടിയ അഭിനയത്തിൻ്റെ താളമാണ് ഇന്ന് സ്ക്രീനിൽ കാണുന്ന തൻ്റെ സ്വാഭാവികതയെന്നും നടൻ ചൂണ്ടിക്കാട്ടുന്നു. സോപാനത്തിലേക്കുളള പ്രവേശനം പോലും സങ്കീർണമാണ്. ശ്രുതിയും താളവുമുണ്ടോ എന്നാണ് ആദ്യ പരിശോധന. ഇതു രണ്ടും ഇല്ലെങ്കിൽ രക്ഷയില്ല. കാരണം, രംഗത്ത് പാടി അഭിനയിക്കണം. സംഭാഷണങ്ങൾക്കു പോലും ഈണമുണ്ടാവും. പിന്നിൽ ശ്രുതി കേൾക്കുന്നുണ്ടാവും. ഒരു മണിക്കൂറിലേറെ നീളുന്ന സംസ്കൃത നാടകം മനപ്പാഠമാക്കണം. നിരന്തരം അഭിനയിച്ച് പഠിക്കണം. മനപ്പാഠമാക്കിയതാണെന്ന് തോന്നാത്ത തരത്തിൽ സ്വാഭാവികമായി അവതരിപ്പിക്കണം. കുന്നും മലയും കാടും കടലുമെല്ലാം രസങ്ങളും അംഗചലനങ്ങളും കൊണ്ട് കാട്ടണം. സോപാനത്തിലെ ആ സങ്കീർണമായ പരിശീലനമാണ് തന്നിലെ നടനെ രൂപപ്പെടുത്തിയതെന്നും ബിജു സോപാനം ചൂണ്ടിക്കാട്ടുന്നു. നാടകം, സീരിയൽ, സിനിമ എന്നിങ്ങനെയുളള വ്യത്യാസങ്ങളില്ല. അഭിനയിക്കുക എന്നതു മാത്രമാണ് ലക്ഷ്യം.

file

'ഉപ്പും മുളകും' ആണ് പ്രേക്ഷകശദ്ധയിലേക്ക് കൊണ്ടുവന്നത്. അത് മികച്ച സിറ്റ്കോം ആണ്. മികച്ച കൂട്ടായ്മ അതിനു പിന്നിലുണ്ട്. അതിലെ ബാലു എന്ന കഥാപാത്രം ഏറെ പ്രിയപ്പെട്ടതാണ്. ബാലുവിനെ പ്രേക്ഷകരും സ്നേഹിക്കുന്നു. പലരും ധിച്ചിരിക്കുന്നതു പോലെ ഞാൻ ബാലുവിനെ പോലെയല്ല. കുടുംബസ്നേഹിയായ ബാലു മടിയനാണ്. താൻ ഓടിനടന്ന് പണിയെടുക്കുന്നയാളാണ്. എന്നാൽ അൽപ്പം 'ബാലുത്വം' എന്നിലുമുണ്ട്. ആ പരമ്പരയുടെ ചുവടുപിടിച്ച് സമാനമായ ചില വേഷങ്ങൾ അവതരിപ്പിക്കാനുളള അവസരം സിനിമയിലുണ്ടായി.

file

പിന്നീട് അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചില വേഷങ്ങളുണ്ട്. എൻ്റെ ആവശ്യമില്ലാത്തവ. ചില നല്ല വേഷങ്ങളും കിട്ടി. വൈവിധ്യമുളള വേഷങ്ങളാണല്ലോ നടൻ ആഗ്രഹിക്കുക. ഒരിക്കൽ ഒരു സംവിധായകൻ ചോദിച്ചത് കഥ കേട്ടാലേ ചേട്ടൻ അഭിനയിക്കുകയുള്ളോ എന്നാണ്. ഞാൻ കഥ കേൾക്കാൻ ആഗ്രഹിക്കുന്നത് എനിക്ക് ആ വേഷം അഭിനയിക്കാൻ സാധിക്കുമോ എന്നറിയാനാണ്. എനിക്ക് പരിചയമില്ലാത്ത, നിരീക്ഷിക്കാൻ അവസരമുണ്ടായിട്ടില്ലാത്ത മനുഷ്യർ കഥാപാത്രങ്ങളായി വന്നാൽ എനിക്കത് നന്നാക്കാൻ കഴിഞ്ഞേക്കില്ല. അതേസമയം അക്കാര്യത്തിൽ സംവിധായകന് ആത്മവിശാസമുണ്ടെങ്കിൽ പ്രശ്നമില്ല- ബിജു സോപാനം പറഞ്ഞു.

file

നാടകം വിട്ട് പലരും സിനിമയിലേക്ക് ചേക്കേറുന്നത് ഉപജീവനത്തിനുളള വഴി തേടിയാണ്. ലോകമെമ്പാടും തിയേറ്ററിന് പ്രാധാന്യം നൽകുമ്പോൾ കേരളം അക്കാര്യത്തിൽ വളരെ പിന്നിലാണ്. പ്രൊഫഷണൽ, അമച്വർ എന്നീ വ്യത്യാസങ്ങൾ എനിക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. ക്ലാസിക് തീയേറ്റർ കൂടുതൽ വ്യത്യസ്തമാണ്. നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ നാട്യശാസ്ത്രത്തിൽ അധിഷ്ഠിതമായ ക്ലാസുകളില്ല. പാശ്ചാത്യനാടക സങ്കേതങ്ങളാണ് അവിടെ വിഷയം. നമ്മുടെ തിയേറ്ററുകൾക്ക് പ്രചാരം ലഭിക്കണമെങ്കിൽ പ്രാദേശിക അടിസ്ഥാനത്തിൽ സ്കൂൾ ഒഫ് ഡ്രാമ ഉണ്ടാകണമെന്നും ബിജു സോപാനം സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News