SAT Hospital Issue in Assembly: എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി മുടക്കം; നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; വാർത്ത ആദ്യം പുറത്തുവിട്ടത് ZEE മലയാളം ന്യൂസ്

ഇക്കഴിഞ്ഞ സെപ്റ്റംബർ 29നാണ് എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും തകരാറിലായിരുന്നു.

Written by - Abhijith Jayan | Last Updated : Oct 14, 2024, 09:01 PM IST
  • പ്രതിപക്ഷ എംഎൽഎമാർ നക്ഷത്ര ചിഹ്നമിട്ട 176 -ാമത്തെ ചോദ്യമായിട്ടാണ് എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
  • സംഭവം അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ വിശദമാക്കാമോ എന്നതായിരുന്നു എംഎൽഎമാരുടെ ചോദ്യം.
SAT Hospital Issue in Assembly: എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി മുടക്കം; നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; വാർത്ത ആദ്യം പുറത്തുവിട്ടത് ZEE മലയാളം ന്യൂസ്

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, അൻവർ സാദത്ത്, ടി.ജെ വിനോദ് എന്നിവരാണ് ചോദ്യമുന്നയിച്ചത്. നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് ആരോഗ്യമന്ത്രി വീണ ജോർജ് സഭയിൽ മറുപടി നൽകി. അറ്റകുറ്റപ്പണി മുൻകൂട്ടി അറിയിച്ച ശേഷം പകൽസമയത്ത് മാത്രം നടത്തുമെന്നും പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചെന്നും വീണ ജോർജ് സഭയിൽ വ്യക്തമാക്കി. മണിക്കൂറുകളോളം ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ വാർത്ത ZEE മലയാളം ന്യൂസാണ് ആദ്യം പുറത്തുവിട്ടത്.

പ്രതിപക്ഷ എംഎൽഎമാർ നക്ഷത്ര ചിഹ്നമിട്ട 176 -ാമത്തെ ചോദ്യമായിട്ടാണ് എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സംഭവം അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ വിശദമാക്കാമോ എന്നതായിരുന്നു എംഎൽഎമാരുടെ ചോദ്യം. 

ചോദ്യത്തിന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, സ്പെഷ്യൽ ഓഫീസർ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘം അന്വേഷണം നടത്തിയെന്ന് മന്ത്രി പറഞ്ഞു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഊർജവകുപ്പ് ചില നിരീക്ഷണങ്ങൾ ചേർത്ത് ആരോഗ്യവകുപ്പിന് നൽകിയിട്ടുണ്ടെന്ന് മന്ത്രി സഭയിൽ പറഞ്ഞു.

Also Read: Suresh Gopi: ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്

 

ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുത്തു. അറ്റകുറ്റപ്പണി മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം മാത്രം പകൽ സമയത്ത് നടത്തും. അറ്റകുറ്റപ്പണികൾ കെഎസ്ഇബിയും പിഡബ്ല്യുഡിയും സംയുക്തമായാണ് നടത്തുന്നത്. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന് വൈദ്യുതി മുടക്കത്തിൽ വീഴ്ച സംഭവിച്ചു - ആരോഗ്യമന്ത്രി മറുപടി നൽകി.

അതേസമയം, ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തതായും വീണ ജോർജ് വ്യക്തമാക്കി. ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാർക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രിയുടെ മറുപടി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 29നാണ്  എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും തകരാറിലായതോടെ മൂന്നുമണിക്കൂറോളം ആശുപത്രി ഇരുട്ടിലായി. ആശുപത്രിക്കുള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും, ഗർഭിണികളായ സ്ത്രീകളും, ബന്ധുക്കളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. വൻ പ്രതിഷേധമാണ് ആശുപത്രിക്ക് മുന്നിൽ അരങ്ങേറിയത്. വൈകിട്ട് 7:30ന് ഇരുട്ടിലായ ആശുപത്രിയിൽ രാത്രി 10:23നാണ് വൈദ്യുതി പുനസ്ഥാപിക്കാനായത്. 

താത്ക്കാലിക ജനറേറ്റർ പുറത്തു നിന്നെത്തിച്ചാണ് വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞത്. ആശുപത്രിയിൽ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം മുൻകൂർ അറിയിപ്പ് നൽകി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.വൈകിട്ട് മുതൽ ജനറേറ്റർ വഴിയാണ് വൈദ്യുതി ട്രാൻസ്മിഷൻ ഉണ്ടായിരുന്നത്. ജനറേറ്റർ റീചാർജ് ചെയ്യുമ്പോൾ സർക്യൂട്ട് ബ്രേക്കറിൽ ഉണ്ടായ തകരാറാണ് വൈദ്യുതി മുടക്കിയത്. കാലപ്പഴക്കം സംഭവിച്ച ജനറേറ്റർ മാറ്റാതെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്ക്കാൻ ശ്രമവും നടന്നു. ബിജെപിയും കോൺഗ്രസും സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചതോടെ വിവാദം മറ്റൊരു തലത്തിൽ ചർച്ചയായി.

പ്രതിഷേധം കനത്തതോടെ ആരോഗ്യമന്ത്രി വീണ ജോർജ് രാത്രി പത്തരയോടെ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സാങ്കേതിക സമിതിയുടെ സമഗ്ര അന്വേഷണം പ്രഖ്യാപിക്കുകയും വീഴ്ച ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. എസ് എ ടി ആശുപത്രിയുടെ ചുമതലയുള്ള പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്യാംകുമാർ ഡി എസ്, മെഡിക്കൽ കോളേജ് ഇലക്ട്രിക്കൽ വിഭാഗത്തിൽ അസിസ്റ്റൻ്റ് എൻജിനീയർ കനകലത എ, ഓവർസിയർ ഗ്രേഡ് വൺ ബാലചന്ദ്രൻ സി വി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News