യുഡിഎഫ് ബിജെപിയുടെ സഹായത്തോടെ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു; വിമാന പ്രതിഷേധത്തിൽ മുഖ്യമന്ത്രി

യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത്

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 08:49 PM IST
  • പ്രതിഷേധത്തിലൂടെ യുഡിഎഫ് നേതൃത്വം ബിജെപിക്കൊപ്പം കൂടി കലാപത്തിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
യുഡിഎഫ് ബിജെപിയുടെ സഹായത്തോടെ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു; വിമാന പ്രതിഷേധത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം : വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തിലൂടെ യുഡിഎഫ് നേതൃത്വം ബിജെപിക്കൊപ്പം കൂടി കലാപത്തിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത്.  ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നുയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 

സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷധം ഉയർത്തിയത്. യൂത്ത് കോൺഗ്രസിന്റെ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. അതേസമയം പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തള്ളി താഴെയിടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അരികിലേക്ക് പ്രതിഷേധിച്ച് നീങ്ങിയ പ്രവർത്തകരെ ജയരാജൻ തടയുകയായിരുന്നു. തുടർന്ന് അവരെ തള്ളിയിടുകയായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News