തിരുവനന്തപുരം: പരുമല ആശുപത്രിയിലെ വധശ്രമ കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കേസ് പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ കമ്മീഷൻ നിർദേശം നൽകി. പുളിക്കീഴ് എസ്എച്ച്ഒക്കാണ് നിർദേശം നൽകിയിട്ടുള്ളത്. ഓഗസ്റ്റ് 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ച അനുഷയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് സംഭവം നടന്നത്. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ സ്നേഹയ്ക്ക് നേരെയാണ് വധശ്രമം ഉണ്ടായത്.
സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അരുണിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അനുഷ ആശുപത്രിയിൽ എത്തിയത് സ്നേഹയെ കൊല്ലുവാനുറപ്പിച്ച് തന്നെയാണെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എയർ എംബോളിസം പ്രയോഗിച്ചത് പൂർണ ബോധ്യത്തോടെയാണെന്നും പ്രതിക്ക് വൈദ്യശാസ്ത്രപരായ അറിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വധശ്രമത്തിന് കാരണം പരാതിക്കാരിയുടെ ഭർത്താവുമായി അനുഷയ്ക്കുള്ള അടുപ്പമാണന്നും റിപ്പോർട്ടിലുണ്ട്.
കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു അനുഷ. അരുണുമായി വർഷങ്ങളായുള്ള പരിചയമുണ്ട്. അനുഷയുടെ ആദ്യ വിവാഹം വേർപെട്ടതാണ്. ഇപ്പോഴുള്ള ഭർത്താവ് വിദേശത്താണ്. സ്നേഹയുടെ ഫോൺ ചാറ്റുകൾ വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്. നഴ്‌സിന്റെ വസ്ത്രം ധരിച്ചെത്തിയാണ് അനുഷ സ്നേഹയെ കൊല്ലാൻ ശ്രമിച്ചത്. സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടുകയായിരുന്നു അനുഷയുടെ ലക്ഷ്യം. മൂന്ന് തവണ കുത്തിവയ്ക്കാൻ ശ്രമിച്ചതായാണ് സ്നേഹയുടെ പിതാവ് വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...