ഇടുക്കി: മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസിന്റെ വഴി തടഞ്ഞ് കാട്ടുകൊമ്പന്‍ പടയപ്പ. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മൂന്നാറില്‍ നിന്നും പുറപ്പെട്ട ബസിന് മുമ്പില്‍ വഴി തടഞ്ഞ് പടയപ്പ നിലയുറപ്പിക്കുകയായിരുന്നു. എന്നാൽ ഇത്തവണ പടയപ്പ ബസിന് കേടുപാടുകള്‍ ഒന്നും വരുത്തിയില്ല. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കന്നിമല എസ്‌റ്റേറ്റിന് സമീപമായിരുന്നു പടയപ്പ വഴി വിലങ്ങിയത്.
റോഡിലൂടെ നടന്നെത്തിയ പടയപ്പ ബസിന് മുമ്പില്‍ നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് പതിയെ പാതയോരത്തേക്ക് പിന്‍വാങ്ങുകയും ചെയ്തു. യാത്രാ തടസ്സം തീര്‍ത്തെങ്കിലും പടയപ്പ ഇത്തവണ ബസിന് കേടുപാടുകള്‍ ഒന്നും വരുത്തിയില്ല. ഇത് മൂന്നാം തവണയാണ് പടയപ്പ അടുത്തടുത്ത് ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിന് മുമ്പില്‍ യാത്രാ തടസ്സം തീര്‍ക്കുന്നത്. കഴിഞ്ഞ തവണ ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന് കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസ് മുടങ്ങിയിരുന്നു.
വേനല്‍ കനത്തതോടെ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ പടയപ്പ സാന്നിധ്യം സ്ഥിരമാണ്. ഉള്‍ വനത്തിലേക്ക് പിന്‍വാങ്ങാന്‍ തയ്യാറാവാത്ത കാട്ടുകൊമ്പന്‍ തീറ്റതേടിയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെങ്കിലും വാഹനയാത്രികര്‍ക്ക് നേരെ ആക്രമണം ഉണ്ടാവാത്തതാണ് ഏക ആശ്വാസം. പക്ഷെ പടയപ്പയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമോയെന്ന ആശങ്ക ആളുകള്‍ക്കിടയില്‍ ഉണ്ട്.
അതേസമയം ഇന്നലെ ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം കുങ്കിയാനകൾക്കടുത്തെത്തിയ അരിക്കൊമ്പൻ കോന്നി സുരേന്ദ്രനെ ആക്രമിക്കാൻ ശ്രമിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരിക്കൊമ്പനുൾപ്പെടെയുള്ള കാട്ടാനക്കൂട്ടം ഇവിടെ തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ ആക്രമിക്കാനെത്തിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ പാപ്പാന്മാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തുരത്തിയോടിച്ചു. കോന്നി സുരേന്ദ്രന്റെ തൊട്ടു പിന്നിലെത്തിയ അരിക്കൊമ്പൻ ബഹളത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. കുഞ്ചു, സൂര്യൻ, വിക്രം എന്നീ കുങ്കിയാനകളും ഇവിടെയുണ്ട്.
അതിനിടെ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ ചിന്നക്കനാൽ 301 കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തും. അഞ്ചംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ നാലംഗങ്ങളാണ് ചിന്നക്കനാലിൽ എത്തുന്നത്. ഏപ്രിൽ 4ന് തന്നെ റിപ്പോർട്ട് തയാറാക്കി 5 ന് കോടതിയിൽ സമർപ്പിച്ചേക്കും.
ഓപ്പറേഷൻ അരിക്കൊമ്പന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയതിൽ കനത്ത പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉയരുന്നത്. ചിന്നക്കനാൽ സിങ്കുകണ്ടത്ത് നാട്ടുകാരുടെ രാപകൽ സമരം രണ്ടാം ദിനം പിന്നിട്ടു. സിങ്കുകണ്ടത്തിന് സമീപം അരിക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകൾ തമ്പടിച്ചിരിക്കുന്നതിനാൽ സമര പന്തലിന് സമീപം ആഴി പൂട്ടിയാണ് സമരം നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്.
അതേസമയം വയനാട് ബത്തേരിയിൽ നിന്ന് പിടികൂടിയ പിഎം 2 (പന്തല്ലൂർ മഖ്ന) എന്ന കാട്ടാനയെ തിരികെ കാട്ടിൽ വിട്ടേക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ആലോചനകൾ തുടങ്ങിയതായാണ് വിവരം. മൃഗസ്നേഹികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഇതിനുള്ള സാധ്യത പരിശോധിക്കാൻ വനം വകുപ്പ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നീലഗിരിയിലും വയനാട്ടിലും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന കാട്ടുമോഴയാനയാണ് പിഎം2.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...