Happy Birthday VS Achuthanandan: ഉജ്ജ്വല പോരാട്ടവീര്യത്തോടെ നൂറിന്റെ നിറവിൽ വിഎസ്

VS Achuthanandan 100th birthday: എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ വിഎസ് കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമര്‍ശകരേയും നല്‍കിയത്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 11:12 AM IST
  • 1923 ഒക്ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍ ജനിച്ചു
  • പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു
Happy Birthday VS Achuthanandan: ഉജ്ജ്വല പോരാട്ടവീര്യത്തോടെ നൂറിന്റെ നിറവിൽ വിഎസ്

വിഎസ് എന്ന രണ്ടക്ഷരം കൊണ്ട് സാധാരണക്കാർക്കിടയിൽ നാനാജാതി മതസ്ഥർക്കിടയിൽ വിപ്ലവത്തിന്റെ വീര്യമാകാൻ വിഎസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ അതികായന് കഴിഞ്ഞു. താൻ വഹിച്ച പദവികളിലൊക്കെ ആ പേര് വാനോളമുയർത്തി ചരിത്രം സൃഷ്ടിച്ചാണ് ഉജ്ജ്വല പോരാട്ടവീര്യത്തോടെ നൂറിന്റെ നിറവിലേക്ക് വിഎസ് എത്തുന്നത്.

1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വിഎസിനെ വളര്‍ത്തിയത് സഹോദരിയാണ്.  

എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമര്‍ശകരേയും നല്‍കിയത്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയപ്രശ്നങ്ങളിലെല്ലാം ഇടപെടാനും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിഎസിന് ജനസമ്മതി നേടിക്കൊടുത്തു.

സിപിഎമ്മിൻ്റെ നേതാക്കളിൽ ഏറ്റവും ജനസമ്മതിയുള്ള നേതാവും വിഎസ്സായിരിക്കാം. പതിനൊന്നാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടമായതോടെ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നെ, ജ്യേഷ്ഠന്റെ സഹായിയായി തുണിക്കടയിൽ ജോലി നോക്കി. അതിനുശേഷം കയർ ഫാക്ടറിയില്‍ ജോലിക്കു കയറി. ഒരു തൊഴിലാളി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവിടെവെച്ചാണ് അദ്ദേഹം കണ്ടും അനുഭവിച്ചും മനസിലാക്കുന്നത്. 

അച്ഛന്‍റെയും അമ്മയുടേയും മരണം വിഎസിനെ ഒരു നിരീശ്വരവാദിയാക്കിയിരുന്നു. നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായ വിഎസ് 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ 1940 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അം​ഗമായി.

സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980-92 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെ പ്രതിപക്ഷനേതാവായി. 2006 മെയ്‌ 18ന്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.

ALSO READ: കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്തതാണെന്‍റെ യൗവ്വനം; കേരളത്തിന്റെ വിപ്ലവസൂര്യന് നൂറാം പിറന്നാൾ

പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെ 2007 മെയ് 26ന് അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. തത്ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു

1946ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്‍ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന സമരത്തിന് നേരെ പട്ടാള വെടിവെപ്പുണ്ടായി. അക്കാലത്തെ പോരാട്ട സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വിഎസ്. അന്ന് അദ്ദേഹത്തിന് ഒളിവില്‍ കഴിയേണ്ട സാഹചര്യം പോലും വന്നിരുന്നു.

പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നതും വിഎസ് ആയിരുന്നു. പക്ഷേ, പിന്നീട് പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. എന്നാല്‍, പാര്‍ട്ടിയെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കടുത്ത ക്രൂരതകൾ അനുഭവിക്കേണ്ടി അദ്ദേഹത്തിന്. അവസാനം ബോധം നശിച്ച വി എസിനെ പൊലീസ് ആശുപത്രിയിലാക്കുകയായിരുന്നു.

വിജയം മാത്രമല്ല പരാജയവും നിരവധി തവണയറിഞ്ഞിട്ടുണ്ട് പാര്‍ലമെന്‍ററി ജീവിതത്തില്‍ വിഎസ് അച്യുതാനന്ദന്‍. 1965 ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. അത് അദ്ദേഹത്തിന് ആദ്യത്തെ മത്സരമായിരുന്നു. കോൺഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്ക് അദ്ദേഹം തോറ്റു. എന്നാല്‍, 1967ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് അദ്ദേഹം നിയമസഭാംഗമായി.

നൂറിൻ്റെ നിറവിൽ എത്തുന്ന വിഎസ് അച്യുതാനന്ദൻ മകൻ അരുൺകുമാറിൻ്റെ തിരുവനന്തപുരം ബാർട്ടൻ ഹില്ലിലെ വീട്ടിലാണ് കഴിയുന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ടെലിവിഷൻ കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങൾ എല്ലാം ആ ചരിത്ര നേതാവ് അറിയുന്നുണ്ട്. നേരിയ പക്ഷാഘാതത്തെ തുടർന്ന് വിഎസ് പൊതുവേദിയിൽ നിന്ന് അകന്നിരുന്നു.

അനാരോഗ്യത്തെ തുടർന്ന് വിശ്രമത്തിൽ ആയെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യകാര്യങ്ങളിൽ ഇപ്പോഴും അദ്ദേഹം ശ്രദ്ധ പുലർത്തുന്നുണ്ട്. സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന തലമുതിർന്ന നേതാക്കളിലൊരാളായ വിപ്ലവ നായകന് സീ മലയാളം ന്യൂസിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഹാപ്പി ബർത്ത് ഡേ ഡിയർ കോമ്രേഡ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News