കോട്ടയം: പാമ്പിനെ പിടികൂടുന്നതിനിടെ മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തി. ശരീരത്തിലെ പേശികളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടി. അധികം വൈകാതെ തന്നെ എഴുന്നേറ്റ് നടക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
വാവാ സുരേഷ് കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും എല്ലാ കാര്യങ്ങളും ഓര്‍മ്മിച്ച് പറയുകയും ചെയ്യുന്നുണ്ട്. നല്ല രീതിയില്‍ സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ലഘുഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങി. വാവാ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്ക് മാറ്റിയതായും ഡോക്ടർമാർ വ്യക്തമാക്കി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളുടെ മേധാവിമാർ ചേർന്ന മെഡിക്കൽ സംഘമാണ് വാവാ സുരേഷിനെ ചികിത്സിക്കുന്നത്. കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് അദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...