വർക്കല തീപ്പിടത്തം;അഞ്ച് പേരുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു;തീരാനൊമ്പരമായി സംസ്ക്കാര ചടങ്ങ്

വർക്കലയിലെത്തിച്ച മൃതദേഹങ്ങൾ പ്രതാപന്റെ കടയുടെ മുന്നിൽ കുറച്ച് നേരം പൊതുദർശനത്തിനു വച്ചു

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 09:12 PM IST
  • മൂന്നു മക്കളിൽ രണ്ടാമനും അപകടത്തിൽ രക്ഷപ്പെട്ടയാളുമായ നിഹുലും മുകളിലത്തെ നിലയിലായിരുന്നു
  • മുകളിലത്തെ നിലയിൽ കാര്യമായി തീപിടിച്ചിട്ടില്ല
  • താഴത്തെ നിലയിൽനിന്ന് പുക മുകളിലേക്ക് ഉയർന്ന് ശ്വാസംമുട്ടിയാണ് രണ്ടാം നിലയിലുണ്ടായിരുന്നവർ മരിച്ചതെന്ന് പൊലീസ്
വർക്കല തീപ്പിടത്തം;അഞ്ച് പേരുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു;തീരാനൊമ്പരമായി സംസ്ക്കാര ചടങ്ങ്

തിരുവനന്തപുരം:വർക്കല തീപ്പിടിത്തത്തിൽ മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു.വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്‍ (64),ഭാര്യ ഷെര്‍ലി (53),ഇവരുടെ ഇളയ മകന്‍ അഹില്‍ (25), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24),ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം)എന്നിവരാണ് തീപ്പിടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങളാണ് സംസ്ക്കരിച്ചത്.

പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന നിഹുല്‍ (29) തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.മൂത്തമകന്‍ രാഹുലും കുടുംബവും വിദേശത്തായിരുന്നു.ഇവർ നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്.

വർക്കലയിലെത്തിച്ച മൃതദേഹങ്ങൾ പ്രതാപന്റെ കടയുടെ മുന്നിൽ കുറച്ച് നേരം പൊതുദർശനത്തിനു വച്ചു. പിന്നീട് വീടിന് അരകിലോമീറ്റര്‍ അകലെയെത്തിയപ്പോൾ നാട്ടുകാരും പരിചയക്കാരും കാൽനടയായി ആംബുലൻസിനെ അനുഗമിച്ചു. അഭിരാമിയെയും മകൻ റയാനെയും ഒരു പെട്ടിയിലാണ് സംസ്കരിച്ചത്.അഭിരാമിയുടെ ദേഹത്ത് ചേർന്നു കിടക്കുന്ന തരത്തിലാണ് റയാന്റെ മൃതദേഹം കിടത്തിയത്.അഭിരാമിയുടെ അച്ഛൻ അന്ത്യകർമങ്ങൾ നിർവഹിച്ചു.ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് ഈ അഞ്ച് പേരും ജനങ്ങൾക്കിടയിലൂടെ കടന്നുപോയത്.

പ്രതാപന്റെയും ഭാര്യ ഷെർലിയുടെയും ഇളയ മകൻ അഹിലിന്റെയും മൃതദേഹങ്ങൾ അടുത്തടുത്തായി ദഹിപ്പിച്ചു. മൂത്ത മകൻ രാഹുൽ മാതാപിതാക്കൾക്ക് അന്ത്യകർമം നടത്തി. രാഹുലിന്റെ മകനാണ് അഹിലിന്റെ അന്ത്യകർമം ചെയ്തത്. മന്ത്രിമാരായ ജി.ആർ.അനിൽ. വി.ശിവൻകുട്ടി, അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി.ജോയ്, അംബിക തുടങ്ങിയവർ സംസ്കാര ചടങ്ങുകൾക്കെത്തി.അയൽക്കാരും കുടുംബാംഗങ്ങളും തിങ്ങി നിറഞ്ഞ സംസ്ക്കാര ചടങ്ങ് കണ്ട് നിന്ന ആളുകളുടെ കണ്ണുകളെയും ഈറണിയിച്ചു.

തീ പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.രണ്ടാം നിലയിലെ ശുചിമുറിയിലാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്.പ്രതാപന്റെയും ഷേർലിയുടെയും മൃതദേഹം താഴത്തെ മുറിയിലും ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയത്.

മൂന്നു മക്കളിൽ രണ്ടാമനും അപകടത്തിൽ രക്ഷപ്പെട്ടയാളുമായ നിഹുലും മുകളിലത്തെ നിലയിലായിരുന്നു. മുകളിലത്തെ നിലയിൽ കാര്യമായി തീപിടിച്ചിട്ടില്ല. ചില ഭാഗങ്ങളിലെ കർട്ടനുകൾ കത്തിയിട്ടുണ്ട്. താഴത്തെ നിലയിൽനിന്ന് പുക മുകളിലേക്ക് ഉയർന്ന് ശ്വാസംമുട്ടിയാണ് രണ്ടാം നിലയിലുണ്ടായിരുന്നവർ മരിച്ചതെന്ന് പൊലീസ് പറയുന്നു.

പുലർച്ചെ ഒന്നരയോടെ അയൽവാസി കെ.ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാർപോർച്ചിനു തീപിടിച്ചതു കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ വീട്ടിനു ചുറ്റും എത്തുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന നാലു ബൈക്കും കത്തിയിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലേക്കു കയറിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News