പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ഏപ്രിൽ 25ന് ഷൊർണൂരിൽ വന്ദേ ഭാരത് തടയുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് ഉപയോഗിച്ച് ബിജെപി കാണിച്ച് കൂട്ടിയത് വളരെ മോശമായ രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിക്കുന്ന വിധത്തിലുള്ള കാട്ടിക്കൂട്ടലുകളാണ് ബിജെപി നടത്തിയതെന്ന് വി.കെ ശ്രീകണ്ഠൻ വിമർശിച്ചു. പാലക്കാട് ജില്ലയിൽ ഒരു സ്റ്റോപ്പ് പോലും ഇല്ലാതിരുന്നിട്ടും ജില്ലയിൽ വച്ച് ട്രെയിനിന് വരവേൽപ്പ് നൽകി. ഇതെല്ലാം രാഷ്ട്രീയ കോമാളിത്തരമാണെന്നും ഉദ്ഘടനം ചെയ്യുന്നതിന് മുൻപ് തന്നെ വന്ദേ ഭാരത് എക്സ്പ്രസിൻറെ സ്റ്റേഷനുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടുന്ന വന്ദേ ഭാരതിന് ചുവന്ന കൊടി കാണിക്കാൻ അറിയാമെന്നാണ് എംപിയുടെ ഭീഷണി.
ALSO READ: പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ
വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പാർലമെൻറിൽ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു. സ്റ്റോപ്പ് അനുവദിച്ചില്ലെന്ന് അറിഞ്ഞപ്പോൾ തന്നെ റെയിൽവേ മന്ത്രിക്കും ബന്ധപ്പെട്ട മറ്റു വകുപ്പുതല ഉദ്യോഗസ്ഥർക്കും മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അനുകൂലമായ പ്രതികരണം തന്നെയാണ് ലഭിച്ചിരുന്നതെന്നും ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണെന്നും വി.കെ ശ്രീകണ്ഠൻ എംപി കൂട്ടിച്ചേർത്തു.
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുക. സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ യാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, കന്നി യാത്രയിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന കാര്യത്തിൽ സ്ഥിരീകരണമായി.
പ്രധാനമന്ത്രിയുടെ സന്ദർശനവും വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫും പ്രമാണിച്ച് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ഏപ്രിൽ 23 മുതൽ 25 വരെയാണ് സർവീസുകളിലാണ് മാറ്റം വരുത്തിയത്. 23, 24 തീയതികളിൽ മലബാർ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. 24, 25 തീയതികളിലെ മലബാർ, ചെന്നൈ എക്സ്പ്രസുകൾ കൊച്ചുവേളിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. കൊച്ചുവേളി - നാഗർകോവിൽ എക്സ്പ്രസ് ഏപ്രിൽ 24, 25 തീയതികളിൽ നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടുമ്പോൾ 24ന് അമൃത എക്സ്പ്രസ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...