വയനാട്: താമരശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഇന്ന് രാത്രി എട്ട് മണി മുതലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്കും ഇടയിലാണ് ട്രക്കുകൾക്ക് വേണ്ടി ചുരം പൂർണമായും ഒഴിച്ചിടുന്നത്. കർണാടകയിലേക്കുള്ള ട്രക്കുകൾക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനാൽ ഇന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും പൊതുജനങ്ങള്‍ ഈ സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ രണ്ട് ട്രെയ്‍ലറുകളാണ് ചുരം വഴി ഇന്ന് യാത്ര തുടങ്ങുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ചുരത്തിലൂടെ കൊണ്ടുപോകുന്നത്. ട്രക്കുകൾ ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നല്‍കാതിരുന്നത്. രണ്ടര മാസത്തോളമായി ട്രെയ്ലറുകൾ അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്. പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ സഹായത്തോടെയാണ് ട്രെയ്ലറുകൾ ചുരത്തിലൂടെ പോകുക.
ALSO READ: Wild elephant: അട്ടപ്പാടിയിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന- വീഡിയോ
ചുരത്തിലൂടെ പൊതുഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാൽ സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും നാളെ വ്യാഴാഴ്ച രാത്രി എട്ട് മുതല്‍ ബീനച്ചി- പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇതേ റൂട്ടിലൂടെ പോകണം.
സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസ്സുകള്‍ രാത്രി ഒമ്പത് മണിക്ക് ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്. ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്‌നാട് നാടുകാണി ചുരം വഴി പോകണം. രാത്രി ഒമ്പത് മണിക്ക് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...