കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹർജി കോഴിക്കോട് വിജിലൻസ് കോടതി തള്ളി. പണം ഇപ്പോൾ തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദനക്കേസിനെ ബാധിക്കുമെന്ന വിജിലൻസ് വാദം പരിഗണിച്ചാണ് കോടതിയുടെ വിധി. പ്ലസ് ടുവിന് സീറ്റ് ലഭിക്കുന്നതിന് അഴിമതിയായി ലഭിച്ച പണമാണെന്ന് ആരോപിച്ച് കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎം ഷാജി ഹർജി നൽകിയത്.
ഇതിൽ ഒരു ലക്ഷം ഒഴികെയുള്ള തുക തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെഎം ഷാജിയുടെ വാദം. പ്ലസ് ടു കോഴക്കേസിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോഴിക്കോട് വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൻ്റെ ഭാഗമായി കണ്ണൂരിലെ വീട്ടിലെത്തിയ വിജിലൻസ് സംഘം കട്ടിലിനടിയിൽ നിന്നുൾപ്പെടെ പണം കണ്ടെത്തുകയായിരുന്നു. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെഎം ഷാജിയുടെ വാദത്തെ വിജിലൻസ് എതിർത്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചട്ടങ്ങൾക്ക് വിരുദ്ധമായ രസീതുകളാണ് കെഎം ഷാജി ഹാജരാക്കിയതെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദനക്കേസിനെ ബാധിക്കുമെന്ന അന്വേഷണ സംഘത്തിൻ്റെ വാദം അംഗീകരിച്ചാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്. പണം തിരികെ ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് കെഎം ഷാജിയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...