വയനാട് : മാനന്തവാടിയിൽ നിന്നും വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയതിന് ശേഷം ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റുകളുടെ സാന്നിധ്യം. ആനയുടെ ശരീരത്തിൽ പെല്ലെറ്റുകൾ കൊണ്ട് ധാരാളം പാടുകൾ ഉണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ആന കൃഷിയിടത്തിലോ മറ്റ് ജനവാസ കേന്ദ്രങ്ങളിലോ ഇറങ്ങിയപ്പോൾ കൊണ്ടതായിരിക്കുമെന്നാണ് നിഗമനം. എന്നാൽ ആനയെ ആദ്യം പിടികൂടി ബന്ദിപ്പൂരിലെ കാട്ടിലേക്കെത്തിച്ചപ്പോൾ കൃത്യമായി ട്രാക്ക് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്നാണ് സംശയം.
ആനയുടെ സഞ്ചാരപാതയിൽ നാല് മുതൽ അഞ്ച് മണിക്കൂർ നേരത്തെ യാത്രരേഖകൾ ലഭ്യമല്ല. ഈ സമയം സിഗ്നൽ നഷ്ടപ്പെട്ടതായിട്ടാകാം കരുതുന്നത്. ട്രാക്ക് ചെയ്യാൻ സാധിക്കാതിരുന്ന ഈ ഇടവേളയിൽ ആന ഒരുപാട് ദൂരം സഞ്ചരിച്ചതായിട്ടാണ് കണക്കാക്കുന്നത്. ആനയെ കൃത്യമായി ട്രാക്ക് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കർണാടക വനം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞത്. ആനയുടെ മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഫെബ്രുവരി രണ്ടാം തീയതി രാത്രിയിൽ കര്‍ണാടകയിലെ ബന്ദിപ്പൂർ രാമപുര ആന ക്യാമ്പിലെത്തിച്ച കൊമ്പൻ ഇന്നലെ പുലര്‍ച്ചെയാണ് ചരിഞ്ഞത്. മയക്കുവെടി വെക്കുന്നതിന് മുമ്പ് ആനക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ALSO READ : Thanneer Komban: മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു
പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിൽ മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പൻ, രണ്ടാഴ്ച മുമ്പ് കർണാടക വനംവകുപ്പ് പിടികൂടി കോളർ ഐഡി ഘടിപ്പിച്ച് വനത്തിലേക്ക് വിട്ട തണ്ണീർ കൊമ്പനാണെന്ന് നേരത്തെ വ്യക്തമായിരുന്നു. അതിനാൽ കർണാടക ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച് പരിശോധനകള്‍ പൂർത്തിയാക്കി ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിടാനുള്ള തയ്യാറെടുപ്പിലായിരുന്നു വനംവകുപ്പ്. ഇതിനിടെയാണ് ആന ചരിഞ്ഞത്.
കേരളത്തിലെയും കര്‍ണാടകയിലെയും ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയായതോടെയാണ് മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തതയുള്ള വിവരങ്ങൾ പുറത്തുവന്നത്. ബന്ദിപ്പൂരിലെത്തിച്ച ശേഷം ചരിഞ്ഞ ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ അധികൃതർ വെറ്ററിനറി സർജൻമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആനക്ക് മയക്കുവെടി ഏൽക്കുന്നതിന് മുമ്പേ ശരീരത്തിൽ മുഴ ഉണ്ടായിരുന്നുവെന്നും ഇത് പഴുത്ത നിലയിലായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കി.
ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. എന്നാൽ സമർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായത് എന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.