തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസ മേനോന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാര്‍ട്ടി ചട്ടക്കൂടില്‍ ഉറച്ച് നിന്ന നേതാവായിരുന്നു അദ്ദേഹം. ഒരു നേതാവും പാര്‍ട്ടി പതാകയ്ക്ക് മുകളിലല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നിലപാട്. രാഷ്ട്രീയ പ്രക്ഷുബ്ദമായ നിയസഭാ സമ്മേളന കാലങ്ങളില്‍ സഭ്യത വിടാതെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളോട് പെരുമാറിയിരുന്ന ശിവദാസമേനോന്‍ എക്കാലത്തും സാമാജികര്‍ക്ക് മാതൃകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
രണ്ട് മന്ത്രിസഭകളില്‍ ധനകാര്യം, എക്‌സൈസ്, വൈദ്യുതി ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലക്കാരനായി ഭരണമികവും തെളിയിച്ചു. പരന്ന വായനയും ഭാഷാ മികവും കുറിക്ക് കൊള്ളുന്ന നർമ്മവും കൈമുതലായുള്ള നേതാവായിരുന്നു ശിവദാസമേനോന്‍. മൂന്ന് പതിറ്റാണ്ടോളം അധ്യാപകനായിരുന്ന ശിവദാസമേനോന്‍ സംസ്ഥാനത്തെ അധ്യാപക സംഘടനകളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ്. സി.പി.എം രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായ ടി. ശിവദാസമോനോന്റെ നിര്യാണത്തില്‍ അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സതീശൻ കൂട്ടിച്ചേർത്തു.
Also Read: T Sivadasa Menon passed away: മുൻ മന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മുൻ മന്ത്രി ടി ശിവദാസ മേനോന്റെ അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഏറെ നാളായി മഞ്ചേരിയിലെ മകളുടെ വീട്ടിലായിരുന്നു താമസം. സംസ്ഥാനത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് വിടവാങ്ങിയത്. ദീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്നു ശിവദാസ മേനോൻ.
നിലവിൽ മലപ്പുറം ജില്ലയിലാണെങ്കിലും പാലക്കാട് ആയിരുന്നു ശിവദാസ മേനോന്റെ കർമമണ്ഡലം. നെല്ലറയുടെ നാട്ടിൽ നിന്നായിരുന്നു രാഷ്ട്രീയ പ്രവേശനം. ഇതിൽ രണ്ട് തവണ മന്ത്രിയായി. മലമ്പുഴ മണ്ഡലത്തിൽ നിന്ന് തുടർച്ചായി മൂന്ന് തവണയാണ് അദ്ദേഹം വിജയിച്ച് നിയമസഭയിലെത്തിയത്. രണ്ട് നായനാർ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1987ൽ ആദ്യമായി സഭയിലെത്തിയപ്പോൾ തന്നെ മന്ത്രിയാകാൻ ഭാഗ്യം ലഭിച്ചു. 1987ലെ ഇ.കെ നായനാർ മന്ത്രിസഭയിൽ, വൈദ്യുതി, ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്തു. പിന്നീട് 1996ൽ ധനകാര്യ മന്ത്രിയും ആയിരുന്നു.
1932 ജൂൺ 14നാണ് ടി ശിവദാസ മേനോൻ ജനിച്ചത്. സംസ്ഥാനത്ത് അധ്യാപക യൂനിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്ക് നയിച്ചത്. നേരത്തെ മണ്ണാർക്കാട്ടിലെ കെ.ടി.എം ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്കൂളിന്റെ പ്രധാനാധ്യാപകനായും ജോലി ചെയ്തു. പിന്നീടാണ് സജീവമായ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി, കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റിലും അംഗമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷൻറെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂനിയന്റെ (കെ.പി.ടി.യു) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ടി.കെ. ഭവാനിയാണ് ഭാര്യ. ലക്ഷ്മി ദേവി, കല്യാണി എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...