ഇടുക്കി: വിപണിയിൽ തിളങ്ങി പൈനാപ്പിൾ. പൈനാപ്പിൾ വില റെക്കോർഡ‍് വിലയിലേക്കാണു കുതിക്കുന്നത്. പൈനാപ്പിളിന് പഴുത്തതിന് കിലോ 60 രൂപയായി ഉയർന്നു. വില ഇനിയും വർധിക്കുമെന്നാണു സൂചന. പൈനാപ്പിൾ പച്ചയ്ക്ക് 56–58 രൂപയായും വർധിച്ചിട്ടുണ്ട്.
ഇടിഞ്ഞു താഴ്ന്ന പൈനാപ്പിൾ വില കുതിച്ചു കയറുന്നതിന്റെ ആശ്വാസത്തിലാണ് പൈനാപ്പിൾ കർഷകർ. ഉൽപാദനത്തിൽ ഉണ്ടായ വലിയ കുറവും ഓണം വിപണിയിൽ ഉണ്ടായ വൻ ഡിമാൻഡുമാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പൈനാപ്പിൾ വലിയ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്.
Read Also: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി
കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർധനയ്ക്കു കാരണമായി. മാസങ്ങൾക്കു മുൻപ് 7 രൂപയിൽ താഴെ വരെ എത്തിയ പൈനാപ്പിൾ വില കുതിച്ചുയർന്നതോടെ കട ബാധ്യതയിലായ കർഷകർ ആശ്വാസത്തിലാണ്.
പൈനാപ്പിൾ വില കുത്തനെ താഴേക്കു പതിച്ചതോടെ വലിയൊരു വിഭാഗം കർഷകരും പൈനാപ്പിൾ കൃഷിയിൽ നിന്നു പിന്മാറുകയും പൈനാപ്പിൾ കൃഷിയുടെ അളവു കുറയുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടർന്നു പൈനാപ്പിൾ വിളവെടുക്കാതെ നശിച്ച അവസ്ഥയും ഉണ്ടായി.
ഓണക്കാലത്ത് ആവശ്യത്തിനു പൈനാപ്പിൾ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലേക്ക് എത്താത്ത സ്ഥിതിയുണ്ട്. ഇതാണു വില വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നു പൈനാപ്പിൾ വ്യാപാരികൾ പറയുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് വലിയ പ്രതിസന്ധിയാണ് പൈനാപ്പിൾ വ്യാപാര മേഖല നേരിട്ടത്.
കോവിഡും പ്രളയവും തീർത്ത പ്രതിസന്ധി ഘട്ടത്തിന് ശേഷം ഓണക്കാലത്ത് വിപണി ഉയർന്നിരിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കർഷകരും വ്യാപാരികളും നോക്കിക്കാണുന്നത്. പൈനാപ്പിൾ കൃഷി വീണ്ടും വ്യാപിക്കാനുള്ള സാധ്യതയും ഉണ്ടാകുന്നുണ്ട്. ഒപ്പം ആഭ്യന്തര, അന്താരാഷ്ട്ര കയറ്റുമതി രംഗവും ഉണര്‍വിലേക്ക് എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...