പത്തനംതിട്ട: നദികളിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ബാരിക്കേഡും സുരക്ഷാ ബോര്‍ഡും സ്ഥാപിച്ച് ജലസേചന വകുപ്പ് . ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ, കക്കാട്ടാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ ജില്ലാ ഭരണകൂടവും പോലീസ് വകുപ്പും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അപകട ഭീതി ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാരിക്കേഡുകളും സുരക്ഷാബോര്‍ഡുകളും സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു. പമ്പാ സ്‌നാന സരസിലെ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് തടയണകളുടെ പ്രവര്‍ത്തനവും പരിപാലനവും ജലസേചന വകുപ്പാണ് നിര്‍വഹിക്കുന്നത്.
ബലിതര്‍പ്പണം നടത്തുന്ന ഭാഗത്ത് തീര്‍ഥാടകര്‍ക്ക് സ്‌നാനം ഉറപ്പാക്കുന്നതിന് കക്കിയാറില്‍ താല്‍കാലിക തടയണ നിര്‍മിച്ച് ജല വിതാനം നിയന്ത്രിച്ച് ജലലഭ്യത ഉറപ്പുവരുത്തുന്നു. പമ്പാ, അച്ചന്‍കോവില്‍ നദികളില്‍ തീര്‍ഥാടകര്‍ സ്‌നാനം നടത്തുന്ന എല്ലാ കടവുകളിലും സുരക്ഷാ ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ സ്ഥാപിച്ചും ബാരിക്കേഡുകള്‍ നിര്‍മിച്ചും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കും. കൂടാതെ തീര്‍ഥാടനം സുരക്ഷിതവും സുഗമവും ആക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ പ്രവൃത്തികള്‍ സമയ ബന്ധിതമായി ഏറ്റെടുത്ത് നടപ്പാക്കി വരുന്നു. നിലവില്‍ പമ്പാ നദിയുടേയും കക്കിനദിയുടേയും തീരത്ത് 1250 മീറ്റര്‍ നീളത്തില്‍ സ്‌നാനഘട്ടങ്ങള്‍ ജലസേചന വകുപ്പ് പരിപാലിച്ച് പോരുന്നു.
പമ്പാ - ത്രിവേണിയിലെ സ്‌നാന സരസിലെ ജലത്തിന്റെ മലിനീകരണം തടയുന്നതിന് വേണ്ടിയും, ജലനിരപ്പ് നിയന്ത്രിക്കുന്നതിന് വേണ്ടിയും ആറു വിസിബികള്‍ ജലസേചന വകുപ്പ് പരിപാലിക്കുന്നുണ്ട്. കൂടാതെ പമ്പയില്‍ തീര്‍ഥാടകര്‍ക്ക് സ്‌നാനം ചെയ്യുന്നതിന് ഷവര്‍ യൂണിറ്റുകള്‍ ജലസേചന വകുപ്പ് നിര്‍മിച്ച് നല്‍കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു. 2018ലെ പ്രളയത്തില്‍ ഭീമമായ കേടുപാടുകള്‍ സംഭവിച്ച പമ്പാ - ത്രിവേണിയിലെ ഞുണങ്ങാര്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രധാന പ്രവര്‍ത്തനങ്ങള്‍: പമ്പാ നദിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും നദിയിലെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് സ്ഥിരം തടയണകളെ പ്രവര്‍ത്തന സജ്ജമാക്കും. പമ്പാ, കക്കി നദിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിന് സുരക്ഷാ വേലി സജ്ജമാക്കും.
പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപമുളള തടയണയുടെ താഴ്ഭാഗത്തും നദിയിലെ മറ്റ് വിവിധ കടവുകളിലും താല്‍ക്കാലിക വേലിയും സുരക്ഷാ ബോര്‍ഡുകളും സ്ഥാപിക്കും. നീരൊഴുക്ക് കുറയുന്ന അവസരങ്ങളില്‍ ജലവിതാനം ക്രമീകരിക്കുന്നതിന് പമ്പാ ത്രിവേണിയിലെ ബലിതര്‍പ്പണ ഭാഗത്തും വടശേരിക്കര കാരക്കാട് തോടിന് കുറുകയും താല്‍കാലിക തടയണ നിര്‍മിക്കും. പമ്പാ ത്രിവേണിയില്‍ ജലസേചന നിര്‍മിതികളായ സ്‌നാന ഘട്ടങ്ങളുടേയും, ജലസേചന കാര്യാലയത്തിന്റെയും അറ്റകുറ്റപണികള്‍. റാന്നി ചെറുകോല്‍ പഞ്ചായത്തില്‍ തിരുവാഭരണ പാതയില്‍ കലുങ്കിന്റെ നിര്‍മാണം. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം കൊട്ടാരകടവിന്റെ പുനര്‍നിര്‍മാണം. അനുബന്ധമായി സ്‌നാനഘട്ടത്തിന്റെ നിര്‍മാണവും ചേര്‍ന്നുളള തീരസംരക്ഷണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...