തിരുവനന്തപുരം: Onam Kit 2021: സർക്കാരിന്‍റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ല. കാരണം കിറ്റിലെ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറവാണ്. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75 ശതമാനവും പൂർത്തിയാക്കാനാണ് സപ്ലൈകോ ശ്രമിക്കുന്നത്.
എങ്കിലും ഓണത്തിന് ശേഷവും കിറ്റ് (Onam Kit 2021) വിതരണം തുടരുമെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു. ഈ മാസം 16 നുള്ളിൽ സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും ഭക്ഷ്യകിറ്റ് എത്തിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു സപ്ലൈകോ പ്രവർത്തിച്ചതെങ്കിലും ചില സാധനങ്ങളുടെ കുറവ് കണക്കുകൂട്ടൽ തെറ്റിച്ചു.
ഏലയ്ക്കാ, ശർക്കരവരട്ടി പോലുള്ള ചില ഉൽപന്നങ്ങൾക്കാണ് ക്ഷാമം നേരിട്ടത്. റേഷൻകടകളിൽ കഴിഞ്ഞ 31ആം തിയതി വിതരണം തുടങ്ങിയെങ്കിലും കാർഡ് ഉടമകളിൽ 50 ശതമാനത്തോളം പേർക്ക് പോലും ഇതുവരെ കിറ്റ് (Onam Kit) കിട്ടിയില്ല.
സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കുന്ന 85ലക്ഷം കിറ്റിൽ ഇത് വരെ 48 ലക്ഷം കിറ്റുകൾ ഉടമകൾ കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകൾ തയ്യാറാക്കി 60 ലക്ഷം ഉടമകൾക്ക് കിറ്റ് കൈമാറാനാകുമെന്ന് സപ്ലൈകോ പ്രതീക്ഷിക്കുന്നു.
കൂടാതെ ബിപിഎൽ കാർഡ് ഉടമകളിൽ ഭൂരിഭാഗം പേർക്കും കിറ്റ് കൈമാറിയെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കിറ്റിലെ ഉൽപന്നങ്ങളെ ചൊല്ലിയുള്ള ആക്ഷേപങ്ങൾ കുറഞ്ഞതിന്‍റെ ആശ്വാസത്തിലാണ് സപ്ലൈകോ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...