UAE കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും NIAയ്ക്ക് കിട്ടിയത് 1.05 കോടി രൂപയും ഒരു കിലോ സ്വര്‍ണവും!
കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് NIA ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തിലൂടെ സ്വപ്ന സുരേഷ് (Swapna Suresh) സമ്പാദിച്ചതാണ് പിടിച്ചെടുത്ത 1.05 കോടി രൂപയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഫെഡറല്‍ ബാങ്ക്, SBI ബാങ്ക് ലോക്കറുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
സ്വർണ്ണക്കടത്ത് കേസ്: സർക്കാർ പരസ്യമായി സഹകരിക്കുമെന്ന് പറഞ്ഞ് രഹസ്യമായി അട്ടിമറിക്കുന്നു
തിരുവനന്തപുരം സ്റ്റാച്യൂവിലെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷവും SBI സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയുമാണ് കണ്ടെത്തിയത്. ആഭരണങ്ങളായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഈ സ്വര്‍ണം തനിക്ക് സമ്മാനമായി ലഭിച്ചതാണ് എന്നാണ് സ്വപ്ന അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരിക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കവേ സ്വപ്നയുടെ അഭിഭാഷകനും ഇക്കാര്യം കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കൂടുതല്‍ അന്വേഷണം ഈ കേസില്‍ ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. NIAയ്ക്ക് പുറമെ കസ്റ്റംസും ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.