കല്പറ്റ: മുട്ടില്‍ മരംമുറിക്കേസ് (Muttil Tree Felling Case) അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടത്തിയെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ (Allegations). വനംവകുപ്പിലെ കണ്‍സര്‍വേറ്ററായ ഐ.എഫ്.എസ് (IFS) ഉദ്യോഗസ്ഥന്‍ എന്‍.ടി.സാജനെതിരെ വനംവകുപ്പ് (Forest Department) നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
മരംമുറിക്കേസ് അട്ടിമറിക്കാന്‍ സാജന്‍ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍ വനംവകുപ്പ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സാജനെതിരായ കണ്ടെത്തലുകൾ ഉള്ളത്. എന്‍.ടി.സാജന്‍ (NT Sajan) മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ മറ്റൊരു വ്യാജക്കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മുട്ടില്‍ വില്ലേജിലെ മണിക്കുന്ന് മലയിലെ സ്വകാര്യഭൂമിയിലാണ് മരംമുറി നടന്നത്. ഇത് വനംഭൂമിയിലാണെന്ന് വരുത്തിത്തീര്‍ക്കാനുളള ഗൂഢാലോചനയാണ് നടന്നത്. ഇതിലൂടെ മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കുടുക്കുകയും മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കുകയുമായിരുന്നു ലക്ഷ്യം. വയനാട്ടിലെത്തിയ എന്‍.ടി.സാജന്‍ പ്രതികളെ നേരിട്ട് കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: Muttil Tree Felling Case Breaking: കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം
സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സാജന്റെ ഇടപെടലുകൾ സംസ്ഥാന സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇതൊടൊപ്പം കോഴിക്കോട്ടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതിന്റെ സൂചനകളും റിപ്പോര്‍ട്ടില്‍ ഉണ്ട്. മണിക്കുന്ന് മലയിലെ കേസ് എന്തായി എന്ന് ചോദിച്ച് രണ്ടുതവണ മാധ്യമപ്രവര്‍ത്തകന്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒയെ വിളിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ.സമീർ നൽകിയ പരാതിയിൽ രാജേഷ് രവീന്ദ്രൻ അന്വേഷണം നടത്തി ജൂൺ 29ന് നൽകിയ 18 പേജുള്ള റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. നേരത്തെ മുഖ്യപ്രതികളെ സാജന്‍ 56 തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ മാത്രം ഗൗരവം ഈ റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വനം മന്ത്രിയുടെ വിശദീകരണം. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ട വനം മന്ത്രി, അച്ചടക്ക നടപടി മാത്രമാണ് ശുപാർശ ചെയ്തിരിക്കുന്നതെന്നും പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.