പത്തനംതിട്ട: മകരസംക്രമ സന്ധ്യയിൽ ശബരീശ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ ജനുവരി 12-ന് പന്തളത്ത് നിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപാകും. ജനുവരി 14-ന് ആണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങൾ ശിരസിലേറ്റി കാൽനടയായി ശബരിമലയിലെത്തിക്കുന്നത്.
പന്തളംകൊട്ടാരം വലിയതമ്പുരാൻ മകയിരം നാൾ രാഘവ വർമ പ്രതിനിധിയായി രാജരാജ വർമയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. ജനുവരി 12-ന് പുലർച്ചെ ആഭരണങ്ങൾ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. 11 മണിവരെ ഭക്തർക്ക് ആഭരണങ്ങൾ ദർശിക്കുവാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും.
ഒരുമണിയ്ക്ക് കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങൾ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി നീങ്ങും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ താവളമടിയ്ക്കും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്.
പ്ലാപ്പള്ളിയിൽ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും. തിരുവാഭരണങ്ങൾ ശബരീശവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിക്കുന്ന രാജപ്രതിനിധി പമ്പയിലെത്തി ഭക്തർക്ക് ഭസ്മം നൽകി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജപ്രതിനിധി ശബരിമലയിൽ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന കുരുതിയും കഴിഞ്ഞാണ് ശബരിമല നടയടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...