അപൂർവ രോഗം ബാധിച്ച അസം സ്വദേശിനിക്ക് പുതുജീവൻ നൽകി തിരുവനന്തപുരം ജനറൽ ആശുപത്രി. എൽഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്പെക്ട്രം ഡിസോർഡർ എന്ന അപൂർവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായ രോഗിയെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അസം സ്വദേശിനിയായ പൂജ (26) ആണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ലക്ഷത്തിൽ ഒരാൾക്ക് കണ്ടുവരുന്ന ഈ അപൂർവ രോഗം ബാധിച്ചവരിൽ രോഗമുക്തി നിരക്ക് കുറവാണ്. മികച്ച ചികിത്സ നൽകി രോഗിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഒക്ടോബർ ഇരുപത്തിയാറിനാണ് പൂജയെ ഇരു കൈകളും കാലുകളും തളർന്ന അവസ്ഥയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ എംആർഐ സ്‌കാനിംഗ് പരിശോധന നടത്തുകയും ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു.
തുടർ പരിശോധനയിൽ പൂജയ്ക്ക് എൽഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്പെക്ട്രം ഡിസോർഡർ ആണെന്ന് മനസ്സിലാക്കി. തുടർന്ന് രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് പ്ലാസ്മ എക്ചേഞ്ച് ചികിത്സ നൽകി. ആഴ്ചകൾ നീണ്ട ചികിത്സയ്ക്കൊടുവിൽ പൂജ രോഗമുക്തയായി. അടുത്ത ദിവസം പൂജയെ ഡിസ്ചാർജ് ചെയ്യും. പൂർണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കിയത്.
ന്യൂറോളജിസ്റ്റ് ഡോ. കൃഷ്ണപ്രിയയുടെ നേതൃത്വത്തിലുള്ള ന്യൂറോ ഐ.സി.യു ടീം, ഡോ. ബിപിൻ, ഡോ. മധു എന്നിവരുടെ നേതൃത്വത്തിലുള്ള അനസ്തേഷ്യ ടീം, ഡോ. മീനാകുമാരി, ഡോ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനറൽ മെഡിസിൻ ടീം, ഡോ. ലിജിയുടെ നേതൃത്വത്തിലുള്ള നെഫ്രോളജി ടീം, ഫിസിയോതെറാപ്പി ടീം, സൂപ്രണ്ട് ഇൻചാർജ് ഡോ. സുകേഷ് രാജ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ആംബുലൻസ് ടീം, മറ്റ് ജീവനക്കാർ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായി പൂജ ജീവിതത്തിലേക്ക് തിരികെയെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...