തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ചു. നെടുമങ്ങാട് ആര്യനാട് കാരക്കൻ തോട് തോണിപ്പാറ അഭിജിത്ത് ഭവനിൽ ജി. സജികുമാർ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വർഷങ്ങളോളം ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ആയിരിക്കെ ഈ അടുത്തകാലത്തായി സിറ്റി ഡിപ്പോയിലേക്ക് സ്ഥലം മാറിയിരുന്നു. ശബരിമല സീസണിൽ സിറ്റി ഡിപ്പോയിൽ നിന്നും സജികുമാറിനെ അയച്ചിരുന്നു. ഡ്യൂട്ടി കുറവായത് കാരണം കഴിഞ്ഞമാസം അദ്ദേഹത്തിന് ശമ്പളം നൽകിയിരുന്നില്ല.
ശമ്പളത്തിന് വേണ്ടി നിരവധി തവണ സജികുമാർ കെ എസ് ആർ ടി സി അധികൃതരുടെ മുന്നിൽ അപേക്ഷയുമായി എത്തിയതായി സഹപ്രവർത്തകർ പറയുന്നു. സഹപ്രവർത്തകരായ ഡ്രൈവർമാരിൽ നിന്നും കണ്ടക്ടർമാരിൽ നിന്നും കടംവാങ്ങിയാണ് സജികുമാർ ജീവിത ചിലവുകൾ നടത്തിയിരുന്നത്. പത്താം തീയതി ആയിട്ടും ശമ്പളം ലഭിക്കാത്തത് മൂലം സജികുമാർ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
തൊഴിലാളികളിൽ നിന്നും പിരിച്ചെടുക്കുന്ന എൽഐസി തുക, ലോൺ തുക, എൻ പി എസിന്റെ തുക എന്നിവയൊന്നും തന്നെ കഴിഞ്ഞ ഒന്നര വർഷമായി കെഎസ്ആർടിസി അടയ്ക്കുന്നില്ല. സിറ്റി ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നിട്ടും ആര്യനാട് ഡിപ്പോയിൽ ഒഴിവ് വരുമ്പോൾ ഇടയ്ക്കിടയ്ക്ക് ജോലിക്ക് കയറിയിരുന്നു. ചന്ദ്രികയാണ് ഭാര്യ. അഭിജിത്ത് ലാൽ, ലക്ഷ്മി എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...