KPCC പുനഃസംഘടന: വിട്ടുവീഴ്ചയില്ലാതെ ഗ്രൂപ്പുകള്‍!

Last Updated : Jan 22, 2020, 10:49 AM IST
  • KPCC പുനഃസംഘടനാ അനിശ്ചിത്വം തുടരുകയാണ്. ജംബോ പട്ടികയില്‍ വിട്ട് വീഴ്ച്ചയില്ലാത്ത സമീപനമാണ് ഗ്രൂപ്പുകള്‍ സ്വീകരിക്കുന്നത്.
  • അതേസമയം, മുന്‍പ് ധാരണയായ ഭാരവാഹികളുടെ പട്ടികയില്‍ ഇനിമാറ്റം വേണ്ടെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍.
  • ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശമാണ് KPCC പുനഃസംഘടനാ വൈകുന്നതില്‍ മുഖ്യ കാരണമായത്.
KPCC പുനഃസംഘടന: വിട്ടുവീഴ്ചയില്ലാതെ ഗ്രൂപ്പുകള്‍!

തിരുവനന്തപുരം: KPCC  പുനഃസംഘടനാ അനിശ്ചിത്വം തുടരുകയാണ്. ജംബോ പട്ടികയില്‍ വിട്ട് വീഴ്ച്ചയില്ലാത്ത സമീപനമാണ് ഗ്രൂപ്പുകള്‍ സ്വീകരിക്കുന്നത്.

അതേസമയം, മുന്‍പ് ധാരണയായ ഭാരവാഹികളുടെ പട്ടികയില്‍ ഇനിമാറ്റം വേണ്ടെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശമാണ് KPCC  പുനഃസംഘടനാ വൈകുന്നതില്‍ മുഖ്യ കാരണമായത്. എന്നാല്‍, ഒരാള്‍ക്ക്‌ ഒരു പദവി എന്ന വിഷയത്തില്‍ മുല്ലപ്പള്ളി കടുംപിടിത്തം ഉപേക്ഷിച്ചതായാണ് സൂചന. 
 
KPCC ഭാരവാഹികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്‌ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, KPCC അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുകയാണെങ്കിലും വിട്ട് വീഴ്ച്ചയ്ക്ക് ഗ്രൂപ്പുകള്‍ തയ്യാറാകുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്.

ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 36 പ്രധാന ഭാരവാഹികളാണ് KPCCയിക് ഉണ്ടാവുക. വര്‍ക്കിംഗ് പ്രസിഡന്റ്‌ സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുന്‍പേതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, AICC അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്‌ KPCC ഭാരവാഹിയാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

എന്നാല്‍ വര്‍ക്കിംഗ് പ്രസിഡന്റ്‌ സ്ഥാനമാണ് അദേഹത്തിന് കൂടുതല്‍ താല്പര്യമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍,  കെവി തോമസിനെ AICC ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും സൂചനയുണ്ട്. 

KPCC  പുനഃസംഘടനയില്‍ അവ്യക്തത നിലനില്‍ക്കേ എത്രയും പെട്ടന്ന് പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന നിലപാടിലാണ് മുല്ലപ്പള്ളി. നിലവില്‍ എ, ഐ ഗ്രുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി, ഹൈക്കമാന്‍ഡിനെ അറിയിച്ച പട്ടികയില്‍ ചില മുതിര്‍ന്ന നേതാക്കള്‍ ഇടം പിടിച്ചിട്ടുണ്ട്. 

അതേസമയം, പുനഃസംഘടനയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പ് വരുത്തണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി. യുവാക്കളെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സും സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കളെയും വനിതകളേയും ഭാരവാഹികളാക്കികൊണ്ട് സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനാണ് ഹൈക്കമാന്‍ഡ്‌ നീക്കം. 

Trending News